ആര്യനാട്:അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.7,8,9തീയതികളിൽ ആര്യനാട്ടാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, സെമിനാർ, സാംസ്കാരിക പരിപാടി എന്നിവ നടക്കും.7ന് വൈകിട്ട് ആര്യനാട് ജംഷനിൽ നടക്കുന്ന പൊതു സമ്മേളനം മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തും. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ, കെ.എസ്.അരുൺ, പൂവച്ചൽ ഷാഹുൽ എന്നിവർ സംസാരിക്കും.
8ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ഭൂപരിഷ്കരണ നിയമവും കാർഷിക മേഖലയിലെ മാറ്റങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.വി.പി.ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തും. 9ന് രാവിലെ 10ന് കെ.എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി,പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ, മനോജ്.ബി.ഇടമന എന്നിവർ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ, സ്വാഗത സംഘം ചെയർമാൻ എം.എസ്.റഷീദ്,സെക്രട്ടറി ഈഞ്ചപ്പുരി സന്തു, രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.