പോത്തൻകോട്: മനം നിറയ്ക്കുന്ന പ്രകൃതിസൗന്ദര്യവും അസ്തമയ കാഴ്ചകളും കാണാൻ വെള്ളാണിക്കൽ പാറമുകൾ തേടിയെത്തുന്ന സഞ്ചാരികൾ അനവധിയാണ്. എന്നാൽ ടൂറിസം കേന്ദ്രത്തിന്റെ വികസന ചൂളം വിളിക്ക് ഇനിയും ഏറെ നാൾ കാതോർക്കണം. പോത്തൻകോട്,മാണിക്കൽ, മുദാക്കൽ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാണിക്കൽ പാറമുകളിൽ ഒരിക്കലും വറ്റാത്ത നീരുറവകളും നിരവധി കൊത്തുപണികളും ശിലാ ലിഖിതങ്ങളും ഗുഹാ മുഖംവും പുലിച്ചാണിയും എല്ലാം പ്രാചീനതയുടെ ശേഷിപ്പുകളായി ഇന്നും അവശേഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയിരവല്ലി ക്ഷേത്രം ഉൾപ്പെടുന്ന ഈ പാറമുകൾ തീർത്ഥാടന പൈതൃക ടൂറിസം പദ്ധതിക്ക് അനുയോജ്യമാണ്. പ്രകൃതി സൗന്ദര്യത്തോടൊപ്പം ഇക്കോ ടുറിസത്തിന്റെ അനന്ത സാദ്ധ്യതകൾ നിറഞ്ഞ ഇവിടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും എല്ലാം ഇപ്പോഴും കടലാസിൽ തന്നെ. ഈ പദ്ധതികൾ യാഥാർഥ്യമായിരുന്നെങ്കിൽ ജില്ലയിലെ ഏറ്റവും വലിയ സാഹസിക -പൈതൃക -തീർത്ഥാടന ടുറിസം കേന്ദ്രമായി വെള്ളാണിക്കൽ മാറുമായിരുന്നു. എന്നാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിന്റെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്. കോലിയക്കോട് നിന്ന് വെള്ളാണിക്കലേക്കുള്ള പ്രധാന റോഡിൽ കാൽ നട യാത്രപോലും അസാദ്ധ്യമാണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡ് കാട്ടുപാതയെക്കാൾ കഷ്ടമാണ്. സന്ധ്യ മയങ്ങിയാൽ ഒരു മിന്നാമിനിങ്ങിന്റെ വെട്ടം പോലുമില്ല. റോഡിലെ ആളൊഴിഞ്ഞ വളവുകളും ഒറ്റപ്പെട്ട ഇടങ്ങളും ഇന്ന് മദ്യപൻമാരുടെ വികാര കേന്ദ്രങ്ങളായി മാറി. പൊലീസിന്റെ ശ്രദ്ധ പതിയാത്തതിനാൽ സാമൂഹ്യവിരുദ്ധശല്യവും വർദ്ധിക്കുകയാണ്. സന്ധ്യയാകുന്നതോടെ പാറമുകൾ മദ്യപന്മാർ കൈയ്യടക്കുന്നതിനാൽ കുടുംബങ്ങളൊന്നിച്ചുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
പ്രകൃതി അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം അവഗണനയുടെ പേരിൽ തച്ചുടക്കരുത്.- നാട്ടുകാർ
എത്തിച്ചേരാൻ
പോത്തൻകോട് നിന്ന് കോലിയക്കോട് വഴി 2 കിലോമീറ്റർ
വെഞ്ഞാറമൂട് നിന്ന് പാറക്കൽ വഴി 5 കിലോ മീറ്റർ
വെങ്ങോട് നിന്ന് 3 കിലോമീറ്റർ
ആറ്റിങ്ങൽ മുദാക്കൽ വഴി 5 കിലോമീറ്റർ
വിസ്തൃതി 23 ഏക്കർ
സ്ഥിതിചെയ്യുന്നത് സമുദ്ര നിരപ്പിൽ നിന്ന് 650 അടി ഉയരം
നടപ്പാക്കാനുള്ളത്
കുട്ടികൾക്കുള്ള ആധുനിക പാർക്ക്
പാറയിൽ കൊത്തിയുണ്ടാക്കുന്ന നടപ്പാതകൾ
അസ്തമയം കാണാൻ പാറയിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ
പാറമുകളിലെ വാഹന പാർക്കിംഗ് എരിയകൾ
കഫറ്റീരിയ
റോപ് വേ
ഔഷധ ഉദ്യാനങ്ങൾ
ഫാമിലി റിസോർട്ടുകൾ
കൃത്രിമ വെള്ളച്ചാട്ടം
റോക്ക് ഗാർഡൻ