തിരുവനന്തപുരം: ആളുമാറി കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പാപ്പാട് സ്വദേശികളായ അക്ഷയ്. പി കുമാർ (20), റെൻ മാർട്ടിൻ (18) എന്നിവർക്കാണ് മർദ്ദനമേറ്റത്. കൂട്ടുകാരന്റെ പിതാവിന്റെ കാൻസർ ചികിത്സയ്‌ക്കായി പിരിച്ചെടുത്ത പണവുമായി പോകാൻ റോഡിൽ നിന്ന യുവാക്കളെ ഇന്നലെ വൈകിട്ട് പാപ്പാട് പള്ളിക്ക് മുന്നിൽ നിന്ന് വട്ടിയൂർക്കാവ് പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ യുവാക്കളെ വിട്ടയച്ചു. വാഴോട്ടുകോണത്തെ ഒരു കല്യാണവീട്ടിൽ പ്രശ്‌നമുണ്ടാക്കിയവരെന്ന് തെറ്റിദ്ധരിച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. പ്രതിഷേധവുമായി കൂടുതൽ പേർ എത്തിയതോടെയാണ് പൊലീസ് ഇവരെ വിട്ടത്. പുറത്തിറങ്ങിയ യുവാക്കൾ പൊലീസ് തങ്ങളെ മർദ്ദിച്ചെന്ന് പറഞ്ഞതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേസമയം നഗരസഭയുടെ റോഡുപണിക്കിടെ കരാറുകാരന്റെ സഹായിയായ ഉണ്ണിക്കൃഷ്ണൻ എന്നയാളെ മർദ്ദിച്ച ശേഷം ജെ.സി.ബി പിടിച്ചെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകരും സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. സി.ഐയുമായി നടത്തിയ ചർച്ചയിൽ ജെ.സി.ബി വിട്ടുനൽകുകയും ചെയ്തു.
തുടർന്ന് സി.ഐയുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചർച്ച നടത്തി. സംഭവത്തെപ്പറ്റി അന്വേഷിച്ച് വേണ്ട നടപടിയെടുക്കുമെന്ന സി.ഐയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. മർദ്ദനമേറ്റ അക്ഷയിനെയും റെൻ മാർട്ടിനെയും പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനും തലയ്ക്കും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അക്ഷയിനെ കൂടുതൽ പരിശോധനകൾക്കായി രാത്രിയോടെ മെഡിക്കൽ കോളേജ്
ആശുപത്രിയിലേക്ക് മാറ്റി. രണ്ടു യുവാക്കളെയും മർദ്ദിച്ചിട്ടില്ലെന്നും ഓടിച്ചിരുന്നയാൾക്ക് ലൈസൻസ് ഇല്ലാതിരുന്നതിനാലാണ് ജെ.സി.ബി പിടിച്ചെടുത്തതെന്നും വട്ടിയൂർക്കാവ് സി.ഐ ശാന്തകുമാർ പറഞ്ഞു.