health

പുരുഷന്മാരിൽ മൂത്രതടസത്തിന്റെ കാരണങ്ങൾ പ്രോസ്റ്റേറ്റ് അസുഖങ്ങൾ, കാൻസർ, പഴുപ്പ്, മൂത്രനാളത്തിലെ സ്ട്രിക്‌ചർ, മൂത്രക്കല്ലുകൾ, മൂത്രവ്യവസ്ഥയിലെ ക്ഷതങ്ങൾ, നാഡിവ്യവസ്ഥയിലെ രോഗങ്ങൾ മുതലായവയാണ്.

മൂത്രം കൂടുതൽ തവണ പോവുക, മുറിഞ്ഞ് പോവുക, മൊത്തം ഒഴിഞ്ഞുപോകാതെ വരിക, തീരെ പോകാതെ കെട്ടിനിൽക്കുക, മൂത്രത്തിൽ കൂടി രക്തം പ്രവഹിക്കുക, മൂത്രത്തിൽ ഇടവിട്ടുള്ള പഴുപ്പ്, കെട്ടിനിന്ന് കവിഞ്ഞ് ഒഴുകുക മുതലായവയാണ് മൂത്രതടസത്തിന്റെ ലക്ഷണങ്ങൾ.

മൂത്രനാളത്തിലെ സ്ട്രിക്‌ചർ അസുഖം സാധാരണയായി ഗോണോകോക്കൽ അണുരോഗബാധ, അപകടം മൂലമുള്ള ക്ഷതം, മൂത്രനാളത്തിൽ കൂടിയുള്ള എൻഡോസ്കോപി എന്നിവ വഴി ഉണ്ടാകുന്നു. യുറിത്രൽ കാലിബറേഷൻ, എൻഡോസ്കോപി വഴിയുള്ള ചികിത്സ, തുറന്നുള്ള യുറിത്രോ പ്ളാസ്റ്റി ഇവയാണ് ചികിത്സാ മാർഗങ്ങൾ.

പ്രോസ്റ്റേറ്റ് അസുഖങ്ങൾ - പ്രോസ്റ്റേറ്റ് വീക്കം, പഴുപ്പ് മുതലായവ മൂലമുള്ള മൂത്രതടസത്തിനുള്ള ഗോൾഡ് സ്റ്റാൻഡേർഡ് ചികിത്സ TURP ആണ്.

ഇലക്ട്രോഡ് ഉപയോഗിച്ച് എൻഡോസ്‌കോപ് വഴി പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യുന്ന രീതിയാണ് ഇത്.

ചെറിയ പ്രോസ്റ്റേറ്റ് വീക്കം ഈ സങ്കേതം വഴി ചികിത്സിക്കാം. വളരെ ചുരുക്കം സമയത്തിനുള്ള രക്തനഷ്ടം ഒട്ടും ഇല്ലാതെ ചികിത്സിക്കാം എന്നതാണ് ഇതിന്റെ ആകർഷണീയത.

ട്രാൻസ് യുറിത്രൽ വേപ്പറൈസേഷൻ പ്രോസ്റ്റേറ്റ് മറ്റൊരു ചികിത്സാ രീതിയാണ്. ലേസർ ചികിത്സയാണ് മറ്റൊരു രീതി. വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം രക്തനഷ്ടം ഒട്ടും കൂടാതെ നീക്കം ചെയ്യാൻ ഹോൾമിയം, തൂളിയം ലേസറുകൾക്ക് സാധിക്കും.

മൂത്രാശയക്കല്ലുകൾ എൻഡോസ്‌കോപ് വഴി പൊടിച്ചു നീക്കം ചെയ്യാൻ സാധിക്കും.മൂത്രാശയ കാൻസറുകൾ അപൂർവമായി മൂത്രതടസം ഉണ്ടാക്കാറുണ്ട്. ആരംഭത്തിലുള്ള മൂത്രാശയ കാൻസറുകൾ എൻഡോസ്‌കോപ് വഴി നീക്കം ചെയ്യാം.