കല്ലമ്പലം: പള്ളിക്കൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ അപകടകരമാം വിധം കടന്നുപോകുന്ന 11 കെ.വി ലൈൻ മാറ്റി സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പുനൽകിയതായി പി.ടി.എ പ്രസിഡന്റ് എ. നിഹാസ് അറിയിച്ചു. ജൂൺ മാസത്തിനകം ഇതിന്റെ പണി പൂർത്തിയാക്കും. ചെലവ് കെ.എസ്.ഇ.ബിയുടെ വാർഷിക ബജറ്റിലുൾപ്പെടുത്തും. സ്കൂളിനു മുകളിലൂടെ അപകടകരമാം വിധം വൈദ്യുതി ലൈൻ കടന്നു പോകുന്നത് ചിത്രമടക്കം മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡന്റ് എന്നിവരോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ എ.ഇ രാജു ജനുവരി 13ന് സ്കൂൾ സന്ദർശിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. ലൈൻ മാറ്റി സ്ഥാപിക്കാനുള്ള ചെലവ് സ്കൂൾ വഹിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഫണ്ടില്ലാത്തതിനാൽ കെ.എസ്.ഇ.ബിയുടെ ചെലവിൽ തന്നെ ഇത് മാറ്റണമെന്ന ആവശ്യമാണ്‌ പി.ടി.എ മുന്നോട്ട് വച്ചത്. ഇത് സംബന്ധിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതിനിടയിലാണ് സ്കൂളിന് ആശ്വാസം പകർന്നുകൊണ്ട് ഫണ്ട് കെ.എസ്.ഇ.ബി വഹിക്കുമെന്നറിയിച്ചത്. സ്കൂളിന് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് 25 വർഷത്തെ പഴക്കമുണ്ട്. ഇപ്പോഴെങ്കിലും നടപടിയായതിൽ സന്തോഷമുണ്ടെന്ന് പി.ടി.എ അറിയിച്ചു. 900 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വികസനത്തിന്റെ ഭാഗമായി പുതിയ മൂന്നുനില കെട്ടിടത്തിന്റെ നിർമ്മാണത്തിനായി തുക അനുവദിച്ചിട്ടുണ്ട് . നിർമ്മാണം തുടങ്ങണമെങ്കിൽ ലൈൻ ഉറപ്പായും സ്കൂൾ പരിസരത്ത് നിന്നും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.