തിരുവനന്തപുരം : കളിയിക്കാവിളയിൽ തമിഴ്നാട് എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസിൽ കളിയിക്കാവിള എസ്.എം.വി തിയേറ്ററിന് സമീപം താമസിക്കുന്ന സെയ്ദ് അലിയെ (28) ഇന്നലെ പാളയം മുസ്ലിം പള്ളിക്ക് സമീപത്തു നിന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ്ചെയ്തു. ബീമാപള്ളിയിൽ ഒളിവിലായിരുന്ന പ്രതി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാളയം പള്ളിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 17 ആയി.

പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തവരിൽ ഒരാളാണ് സെയ്ദ് അലി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗണേശ് അറസ്റ്റ് ചെയ്ത പ്രതിയെ നാഗർകോവിൽ നേശമണി നഗ‌ർ സ്റ്റേഷനിലെത്തിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുന്നു. സെയ്ദ് അലിയുടെ ഭാര്യ വിതുര സ്വദേശിനിയാണ്. 20 പേരുടെ പേരിൽ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു.