malayinkil

മലയിൻകീഴ്: മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും മന്ദിരം യാഥാർത്ഥ്യമാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിൽ വാടക നൽകാതെയാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ നിർമ്മാണത്തിന് തടസമായി കൂറ്റൻ പാറ നീക്കം ചെയ്യേണ്ടിവന്നു. ഇത് പ്രവർത്തനത്തിന് വേഗത കുറച്ചു. ഒരു നില കോൺക്രീറ്റ് ചെയ്ത് രണ്ടാം നിലയിലേക്കുള്ള ചുവര് കെട്ടിയ ശേഷം നിർമ്മാണം നിലയ്ക്കുകയായിരുന്നു. ഇനി ശേഷിക്കുന്ന ജോലികൾ എന്ന് പൂർത്തിയാക്കാനാകുമെന്ന് ആർക്കും അറിയില്ല.ഇപ്പോഴും സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് യാതൊരു സൗകര്യവുമില്ലാതെയാണ്.അടുത്തിടെ മഴപെയ്തപ്പോൾ ഈ ഓഫീസിൽ വെള്ളം പാഞ്ഞ് കയറിയത് വാർത്തയായിരുന്നു.

ഗവ.കോളേജ്,സ്കൂളുകൾ,ഗവ.ഐ.ടി.ഐ.എന്നിവ പ്രവർത്തിക്കുന്നതിന് സമീപത്തായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സബ് രജിസ്ട്രാർ ഓഫീസിന് മന്ദിരനിർമ്മാണത്തിന് സ്ഥലം വാങ്ങി നൽകിയെങ്കിലും അനുയോജ്യമല്ലെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് നിർമ്മാണം നടക്കാതെ പോയി

ഗ്രാമപഞ്ചായത്തിന് തുടക്കത്തിൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വാടക നൽകിയിരുന്നെങ്കിലും 2006ലെ ഇടതുപക്ഷ ഭരണ സമിതി വാടക ഒഴിവാക്കിയിരുന്നു.മലയിൻകീഴ് പഞ്ചായത്താഫീസ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ സ്ഥലസൗകര്യമില്ലെന്ന പരാതി വ്യാപകമായപ്പോഴാണ് സ്വന്തം മന്ദിരത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ രജിസ്ട്രേഷൻ ഐ.ജി.നിർദ്ദേശിക്കുന്നത്.2005 ലെ പഞ്ചായത്ത് ഭരണ സമിതി ഐകകണ്ഠന മലയിൻകീഴ് വില്ലേജ് ഓഫീസ് വളപ്പിൽ മിച്ചമുള്ള റവന്യൂ ഭൂമി സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം നിർമ്മിക്കാൻ നൽകണമെന്ന് തീരുമാനിച്ചിരുന്നു.

അന്നത്തെ വിലേജ് ഓഫീസർ നെയ്യാറ്റിൻകര തഹസീൽദാർക്ക് നൽകിയ റിപ്പോർട്ടിൽ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നിടത്ത് 12.5 സെന്റ് സ്ഥലമേയുള്ളുവെന്നാണ്.എന്നാൽ ആ വസ്തുവിൽ 35 സെന്റ് ഉണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാട്ടിയെങ്കിലും ചിലരുടെ താല്പര്യത്താൽ സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം അവിടെ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല.ഒരുകെട്ടിടം കൂടെ പണിയാൻ സ്ഥലമില്ലെന്ന് കാണിച്ച് വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ സ്ഥലത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.

2006 ലെ ഭരണ സമിതി പ്രസിഡന്റ് എം.അനിൽകുമാറിന്റെ ശ്രമഫലമായിട്ടാണ് മലയിൻകീഴ് ഗസ്റ്റ് ഹൗസിന് സമീപത്ത് സ്ഥലം കണ്ടെത്തിയത്. 14 സെന്റിൽ ഏഴ് സെന്റാണ് ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ളത്.സബ് രജിസ്ട്രാർ ഓഫീസിന് 2006 ഒക്ടോബർ 11ന് ജില്ലാരജിസ്ട്രാറും അംഗീകരിക്കുകയും ചെയ്തിരുന്നു.ഇതുസംബന്ധിച്ച് പഞ്ചായത്തിന് കത്തുമയച്ചിരുന്നു.പഞ്ചായത്ത് ഭരണം മാറിയതോടെ സബ് രജിസ്ട്രാർ ഓഫീസ് മന്ദിര നിർമ്മാണം അവതാളത്തിലായി.