പൗരത്വ ഭേദഗതി നിയമം രാജ്യത്താകമാനം സൃഷ്ടിച്ച വിവാദങ്ങൾ ഇപ്പോഴും തുടരവെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയ്യാറാക്കുന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന ആഭ്യന്തരവകുപ്പിന്റെ വിശദീകരണം ഇതുസംബന്ധിച്ചുയർന്നിട്ടുള്ള സംശയങ്ങളും ആശങ്കയും ദൂരീകരിക്കാൻ സഹായകമാകേണ്ടതാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ വ്യക്തികളിൽ നിന്നോ കുടുംബങ്ങളിൽ നിന്നോ ഏതെങ്കിലും രേഖ ആവശ്യപ്പെടുകയില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിൽ വ്യക്തമാക്കിയത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങൾ ഉടലെടുത്തപ്പോഴും സർക്കാർ നിലപാട് പല തലത്തിലുള്ളവർ വിശദമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ കക്ഷികളുടെ ആശങ്കയും സംശയങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. ചൊവ്വാഴ്ച പാർലമെന്റിൽ ആഭ്യന്തരവകുപ്പ് നടത്തിയ പുതിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങേണ്ടതാണ്. എന്നാൽ ജനസംഖ്യാ കണക്കെടുപ്പേ ഇപ്പോൾ നടത്തരുതെന്ന് കേരള നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷത്തുനിന്ന് വാദമുയർന്നത് വിചിത്രമെന്നുതന്നെ പറയാം.
പത്തുവർഷത്തിലൊരിക്കൽ മുറതെറ്റാതെ നടന്നുവരുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാധാന്യം അറിയാതെയാണോ സെൻസസ് പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷത്തു നിന്നൊരാൾ സഭയിൽ എഴുന്നേറ്റതെന്ന് നിശ്ചയമില്ല. അതായിരിക്കാൻ ഇടയില്ലെന്ന് ആവശ്യം ഉന്നയിച്ച ലീഗ് മെമ്പറുടെ തുടർന്നുള്ള വിശദീകരണം തന്നെ തെളിവാണ്. സെൻസസിനും ദേശീയ പൗരത്വ രജിസ്റ്ററിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലാണ് ഇതുസംബന്ധിച്ച വിവര ശേഖരണമെന്നാണ് മെമ്പറുടെ ആക്ഷേപം. സെൻസസിനുവേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ പിന്നീട് എൻ.പി.ആറിനായി പ്രയോജനപ്പെടുത്താനാകും. അതിനാൽ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സെൻസസ് പ്രവർത്തനങ്ങൾ രണ്ടുവർഷത്തേക്ക് നടത്തില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്നാണ് മെമ്പർ ആവശ്യപ്പെട്ടത്. സെൻസസിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് യാതൊരു പിടിപാടുമില്ലാത്തവർക്കേ ഇതുപോലുള്ള അസംബന്ധങ്ങൾ ഉന്നയിക്കാനാവൂ. കാനേഷുമാരി കണക്കെടുപ്പ് ഇവിടെ നടാടെയല്ല നടക്കുന്നത്. ജനങ്ങളിലാർക്കും അതുകൊണ്ട് അലോഹ്യമുണ്ടായിട്ടുള്ളതായും കേട്ടിട്ടില്ല. സത്യസന്ധമായി വിവരങ്ങൾ കൈമാറാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരാറുമുണ്ട്. ഇക്കുറി പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ചോദ്യാവലിയിൽ തർക്ക വിഷയമായ രണ്ട് ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. വീടുകളിലെത്തുന്ന എന്യൂമറേറ്റർ നിർബന്ധപൂർവം ഒരു രേഖയും ആവശ്യപ്പെടുകയില്ലെന്ന് സർക്കാർ പലകുറി വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെയും ഇതിന്റെ പേരിൽ ആശങ്ക സൃഷ്ടിക്കുന്ന നിലപാടുമായി രംഗത്തു വരുന്നവർ ജനങ്ങളെ വഴിതെറ്റിക്കുകയാണു ചെയ്യുന്നത്. കൃത്യമായ ജനസംഖ്യാ കണക്കെടുപ്പ് ഏതൊരു രാജ്യത്തിനും അവശ്യം വേണ്ടതാണ്. അതിലെ വിവരങ്ങൾ വച്ചുകൊണ്ടാണ് ഭാവി പദ്ധതികൾ തയ്യാറാക്കുന്നത്. വെറും ജനസംഖ്യാ കണക്കു മാത്രമല്ല സെൻസസ് രേഖകൾ. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളിലെ വളർച്ചയും പുരോഗതിയും പ്രതിഫലിപ്പിക്കുന്ന സ്ഥിതിവിവരങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യ രേഖയാണത്. അത് ആധാരമാക്കിയാണ് ആസൂത്രണ വിദഗ്ദ്ധർ രാജ്യത്തിനാവശ്യമായ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്.
സെൻസസിനെയും വിവാദച്ചുഴിയിലാക്കി സാധാരണ ജനങ്ങൾക്കിടയിൽ സംശയങ്ങൾ വിതയ്ക്കാൻ രാഷ്ട്രീയ പ്രവർത്തകർ ശ്രമിച്ചുകൂടാത്തതാണ്. ജനങ്ങളെ നേർവഴിക്കു ചിന്തിക്കാനും നയിക്കാനും ബാദ്ധ്യതയുള്ള പൊതുപ്രവർത്തകർ ഇല്ലാത്ത സംശയങ്ങൾ കുത്തിവച്ച് അവരെ വഴിതെറ്റിക്കരുത്. സെൻസസ് പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ട മെമ്പറെ തിരുത്താനുള്ള ബാദ്ധ്യത അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തിനുണ്ടായിരുന്നു. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിൽ വൈകാരിക സമീപനത്തിനാണ് പ്രഥമ പരിഗണന ലഭിക്കാറുള്ളത്. നിയമസഭയിലും അതാണു കണ്ടത്.
ജനസംഖ്യാ രജിസ്റ്റർ പുതുക്കാൻ എത്തുന്ന എന്യൂമറേറ്റർമാർ വീട്ടുകാരോട് ഒരു രേഖയും ആവശ്യപ്പെടുകയില്ലെന്നാണ് കേന്ദ്രം പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുള്ളത്. കുടുംബാംഗങ്ങളുടെ വിവരങ്ങൾ മാത്രമാണ് രജിസ്റ്റർ തയ്യാറാക്കാൻ ആവശ്യം. നൽകുന്ന വിവരങ്ങളുടെ ആധികാരികത തെളിയിക്കാൻ രേഖകൾ നൽകേണ്ടതില്ല. വീട്ടുകാർ നൽകുന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതലയേ എന്യൂമറേറ്റർമാർക്കുള്ളൂ എന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിലപാട്. വിവാദപരമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയ്യാറാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസവും പാർലമെന്റിനെ അറിയിച്ചത്. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന തീരുമാനത്തിലാണ്. സെൻസസിനെതിരെ ഒരു സംസ്ഥാനവും അഭിപ്രായം പറഞ്ഞിട്ടുമില്ല. പൗരത്വ ഭേദഗതി നിയമ വിവാദത്തിന്റെ മറവിൽ ജനസംഖ്യാ കണക്കെടുപ്പ് അലങ്കോലപ്പെടുന്ന ഒരുവിധ പ്രവൃത്തിയും ഉണ്ടായിക്കൂടാ.