calicut
ജനുവരി 9ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളിൽ സംവരണ അട്ടിമറി അനുവദിക്കില്ലെന്നും, സംവരണ തത്വം പാലിച്ച് നിയമനങ്ങൾ നടത്തുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ നിയമസഭയിൽ ഉറപ്പ് നൽകി.

സംവരണം അട്ടിമറിച്ചുള്ള വിജ്ഞാപനത്തിലൂടെ, കാലിക്കറ്റ് സർവകലാശാലയിൽ 116 അദ്ധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് 60 ലക്ഷം മുതൽ ഒന്നേകാൽ കോടി രൂപ വരെ ലേലം വിളി നടക്കുന്നുവെന്ന 'കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടി മുസ്ലീംലീഗ് അംഗം പ്രൊഫ. ആബിദ് ഹുസൈൻ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1975ലെ സർവകലാശാലാ ആക്ടിലും 2014 ലെ ഭേദഗതിയിലും അദ്ധ്യാപക നിയമനങ്ങൾ കെ.എസ്.ആർ ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എല്ലാ വിഭാഗങ്ങളിലെയും ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കിയാവണം നിയമനം . വിജ്ഞാപന സമയത്ത് തസ്തികകൾ ഏതെങ്കിലും വിഭാഗങ്ങൾക്കായി നീക്കിവയ്ക്കാനാവില്ല. നിയമന സമയത്ത് മാത്രം സംവരണ തസ്തികകൾ വെളിപ്പെടുത്തിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. 2016ലെ ഉത്തരവിനെതിരെ മുൻ സിൻഡിക്കേറ്റ് അപ്പീൽ പോയില്ല. കാലിക്കറ്റിലാണ് ഈ പ്രശ്‌നമുള്ളത്. മറ്റ് സർവകലാശാലകളിൽ സംവരണ തസ്തികകൾ മുൻകൂട്ടി വിജ്ഞാപനം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

. സംവരണം അട്ടിമറിച്ചുള്ള വിജ്ഞാപനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനാണ് ശ്രമമെന്നും ,നിയമവിരുദ്ധമായ വിജ്ഞാപനം റദ്ദാക്കണമെന്നും ആബിദ് ഹുസൈൻ ആവശ്യപ്പെട്ടു. ഏത് കാറ്റഗറിയിലാണ് അപേക്ഷിക്കേണ്ടതെന്ന് അറിയാനുള്ള അപേക്ഷകരുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. യു.ജി.സിയുടെ ചട്ടങ്ങളും ലംഘിച്ചു. കണ്ണൂർ, കുസാറ്റ് സർവകലാശാലകളിൽ സംവരണം പാലിച്ച് അദ്ധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കിയിട്ടുണ്ട്. കാലിക്കറ്റിൽ വേണ്ടപ്പെട്ടവരെ നിയമിക്കാനും, അല്ലാത്തവരെ ഒഴിവാക്കാനുമാണ് ശ്രമമെന്നും മെമ്പർ ആരോപിച്ചു.

കാലിക്കറ്റിലെ

ഒഴിവുകൾ:

:പ്രൊഫസർ-24, അസോസിയറ്റ് പ്രൊഫസർ-29,അസി.പ്രൊഫസർ-63.