isaac

തിരുവനന്തപുരം: വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് നാളത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇളവുകളേറെ പ്രതീക്ഷിച്ചാൽ മോഹഭംഗത്തിനാണ് സാധ്യത.

കേന്ദ്രസർക്കാരിന്റെ കടുത്ത സമീപനം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. പ്രതിസന്ധി മറിക്കടന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള ബാധ്യത ജനങ്ങളുടെ മേൽ കൈമാറുന്ന ബഡ്ജറ്റിനാകും സാധ്യത. പറ്റുന്നിടത്തെല്ലാം നികുതി നിരക്ക് വർദ്ധനയുണ്ടാകും.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇക്കൊല്ലം രൂക്ഷമാണ്. മാസങ്ങളായി ട്രഷറി നിയന്ത്രണം. വൻബില്ലുകളൊന്നും പാസാക്കുന്നില്ല. ശമ്പളക്കാലത്ത് മാത്രമാണ് ശരിയായി ട്രഷറി ഒാടുന്നത്.

വികസന പ്രവർത്തനങ്ങൾ കിഫ്ബിയിലേക്ക് മാറ്റിയത് ആശ്വാസമാണെങ്കിലും ദൈനംദിനകാര്യങ്ങൾ വരെ ബുദ്ധിമുട്ടിലാണ്. ഇത് എത്രമാത്രം രൂക്ഷമാണെന്ന് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്കിൽ അറിയാം.

വരവ് രണ്ട് വഴിയിലൂടെ

രണ്ടുവഴിക്കാണ് സംസ്ഥാനത്തിന് വരുമാനം. മൂലധനവരവും റവന്യുവരവും. രണ്ടിനത്തിലേയും വരവ് കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കി.

കേന്ദ്രാനുമതിയോടെയുള്ള പൊതുകടമെടുപ്പാണ് മൂലധനവരവ്. 24,915 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പരിധി. വ്യവസ്ഥകൾ കർശനമാക്കി പരിധിയിൽ 5,325 കോടി കേന്ദ്രം കുറച്ചു.

നികുതിയായും ഗ്രാൻഡായും നികുതിയേതരമായുമുള്ളതാണ് റവന്യുവരവ്. ജി.എസ്.ടി വന്നതോടെ വിൽപ്പന നികുതി കൂട്ടാനോ, കുറയ്ക്കാനോ സംസ്ഥാനത്തിന് അധികാരമില്ലാതായി. കേന്ദ്ര നികുതിവിഹിതമാകട്ടെ പലകാരണങ്ങൾ പറഞ്ഞ് ഗണ്യമായി കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള അന്തർസംസ്ഥാന ജി.എസ്.ടി. വിഹിതവും നേരത്തിന് നൽകാറില്ല.

വെട്ടിക്കുറക്കൽ തുടർക്കഥ

ധനകാര്യകമ്മിഷൻ ശുപാർശയനുസരിച്ചുളള വിഹിതത്തിൽ 2,436 കോടിയും വെട്ടിക്കുറച്ചു.

ധനകമ്മി കുറയ്ക്കാൻ ധനകാര്യകമ്മിഷൻ നൽകാനാവശ്യപ്പെട്ട 15,313കോടിരൂപയിൽ 40ശതമാനവും കേന്ദ്രം കുറച്ചു.

ഇതോടെ റവന്യുവരുമാനത്തിൽ 10,000 കോടിയോളം രൂപയുടെ കുറവുണ്ടായി.

ഉത്പാദനകുറവും നികുതിപിരിവിലെ ഇടിവും സാമ്പത്തിക മാന്ദ്യവും പ്രളയമുണ്ടാക്കിയ സാമൂഹ്യബാധ്യതകളും മൂലം നട്ടംതിരിയുന്ന സംസ്ഥാനത്തിന് കേന്ദ്ര നടപടി ഇരുട്ടടിയാണ്.

ഇത് മറികടക്കാൻ ചെലവ് കുറയ്ക്കുകയോ, വരവ് കൂട്ടുകയോ വേണ്ടിവരും. ഇൗ വർഷാവസാനം പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ചെലവ് കുറയ്ക്കുന്നത് ആലോചിക്കാനാവില്ല.വരവ് കൂട്ടുകയാണ് പിന്നത്തെ പോംവഴി.

മദ്യം, രജിസ്ട്രേഷൻ, ലോട്ടറി, ഭൂനികുതി, വിനോദനികുതി, മോട്ടോർവാഹനനികുതി, ഇന്ധനസെസ് എന്നിവയിലേ സംസ്ഥാനത്തിന് നിരക്ക് കൂട്ടി വരുമാനം കണ്ടെത്താനാകൂ.

ഇക്കുറി ഇതിലെല്ലാം വർദ്ധനവുമായിട്ടായിരിക്കും ബഡ്ജറ്റ് നാളെ വരുന്നതെന്നാണ് ആശങ്ക.