ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരം റോഡിൽ സ്വകാര്യവ്യക്തി റോഡ് കൈയേറി കെട്ടിടം നിർമ്മിച്ചതിനെതിരെ വ്യാപക പരാതി. കഴിഞ്ഞ സെപ്‌തംബറിൽ പഞ്ചായത്ത് എൽ.എസ്.ഡി.ജി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ നടത്തിയ പരിശോധനയിൽ ബിൽഡിംഗിന്റെ സ്റ്റെയർ കേസ് റോഡ് കൈയേറിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക നിരീക്ഷണത്തിൽ അപാകത കണ്ടതിനെതുടർന്ന് അനധികൃതമായി കെട്ടിയ ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമക്കും നോട്ടീസ് നൽകിയിരുന്നു. ഇത് പൊളിച്ചുമാറ്റുന്നതിനായി കൃത്യമായി മാർക്ക് ചെയ്‌ത് തരണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനിയർക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയെങ്കിലും തുടർനടപടികൾ വൈകുന്നെന്നാണ് ആക്ഷേപം. സ്റ്റെയർകേസ് അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും കെട്ടിട ഉടമയ്ക്ക് സെക്രട്ടറി കത്ത് നൽകി.
അനധികൃത നിർമ്മാണം പൊളിക്കണമെന്ന് പൗരസമിതി
ദേശീയപാതയിൽ അനധികൃതമായി 20 സെന്റീമീറ്റർ കൈയേറി നിർമ്മിച്ച കെട്ടിടത്തിന്റെ സ്റ്റെയർകേസ് ഉൾപ്പെടെയുള്ളവ അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം പൗരസമിതിയും രംഗത്തെത്തി. ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പൗരസമിതി അറിയിച്ചു.