കുഴിത്തുറ: കേരളത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അസുഖം തമിഴ്‌നാട്ടിലേക്ക് പടരാതിരിക്കാൻ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ കർശന പരിശോധന. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളെയും കളിയിക്കാവിള, ചൂഴാൽ, കൊല്ലങ്കോട് ചെക്ക്‌പോസ്റ്റുകളിൽ മേല്പുറം ബ്ലോക്ക് ചീഫ് ഡോക്ടറിന്റെ കീഴിൽ ഡോക്ടർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തുകയാണ്. വാഹനങ്ങളിൽ അണുക്കളെ കൊല്ലുന്ന മരുന്ന് തളിച്ച് യാത്രക്കാരെ തെർമോമീറ്റർ ഉപയോഗിച്ച് പനിയുണ്ടോ എന്ന് പരിശോധിക്കുകയും, കൊറോണ ബാധിച്ചാൽ എന്തു ചെയ്യണമെന്ന് ബോധവത്കരണം നടത്തിയുമാണ് കടത്തി വിടുന്നത്. പരിശോധിക്കുമ്പോൾ ആർക്കെങ്കിലും പനിയുണ്ടെങ്കിൽ അവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചൈനയിൽ നിന്ന് വന്ന 15 പേരെ അവരുടെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്.