തിരുവനന്തപുരം : ആലപ്പുഴയിലെ പാടശേഖരങ്ങളിലെ ഉപ്പുവെള്ളം പമ്പുചെയ്ത് കളഞ്ഞ്, ശുദ്ധജലമെത്തിച്ച് കൃഷിനാശം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഉപ്പുവെള്ള ഭീക്ഷണി പൂർണമായി ഒഴിവാക്കാനാണ് ശ്രമം. ആറാട്ടുപുഴ കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളിലായി 11 ഓരുമുട്ടുകൾ സ്ഥാപിക്കാൻ റീ-ടെൻഡർ നടത്തും. കരുവാറ്റ, ചെറുതന പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലേയ്ക്ക് ഓരുവെള്ളം തടയുന്ന ചെമ്പ് തോട്, കല്ലേലിപ്പടി ഓരുമുട്ടുകളുടെ നിർമ്മാണം പൂർത്തിയായി. ത്രാച്ചേരി, ഡാണപ്പടി കനാൽ, തോട്ടുകടവ് എന്നീ ഓരുമുട്ടുകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയായി. ചെന്നിത്തല, തൃപ്പെരുന്തുറ പഞ്ചായത്തുകളിലെ അച്ചൻകോവിലാറിന് കുറുകെ കാവുംപാട്ട് ബണ്ടും, കാർത്തികപ്പള്ളി പഞ്ചായത്തിലെ പുളിക്കീഴിലാറിനു കുറുകെയുള്ള ബണ്ടും കൃത്യ സമയത്ത് പൂർത്തീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.