മുഖ്യമന്ത്രി, പ്രതിപക്ഷം എന്നീ ഉപമേയങ്ങളെ ചില ഉപമാനങ്ങൾ കൊണ്ടുപമിക്കാൻ ആംഗ്ലോ ഇന്ത്യൻ നോമിനിയായ ജോൺ ഫെർണാണ്ടസ് തുനിയുകയുണ്ടായി. സേനാനായകൻ, കപ്പിത്താൻ, അവതാരപുരുഷൻ, കീഴടക്കാൻ കഴിയാത്ത മഹാശൈലം എന്ന് തുടങ്ങി നല്ല മാങ്ങയുള്ള മാവിനോട് വരെ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഉപമിച്ചു. വെറുതേ കല്ലേക്കടിച്ച് പല്ല് കളയേണ്ട മക്കളേ എന്ന് പ്രതിപക്ഷത്തെ ഉപദേശിച്ചു.
'എന്നിട്ടരിശം തീരാത്തവനാ പുരയുടെ ചുറ്റും മണ്ടിനടന്നു'വെന്ന ഭാവത്തിലായിരുന്നു നന്ദിപ്രമേയ ചർച്ചയിൽ ജോൺഫെർണാണ്ടസ്. സ്വന്തം പല്ലിന്റെ കിരുകിരുപ്പ് തീർക്കാൻ പ്രതിപക്ഷത്തെ കടിക്കാൻ നോക്കിയ അദ്ദേഹത്തെ തിരിച്ചുകടിക്കാനൊരുമ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയത് കൊണ്ടുതന്നെ അതൊരു കടിച്ചുകീറൽ ഉത്സവമായി മാറി. പ്രതിപക്ഷത്തെ ഉപമിക്കാൻ ജോൺ ഫെർണാണ്ടസ് കൂട്ടുപിടിച്ച ഉപമാനങ്ങളെല്ലാം മൃഗപുരാണത്തിൽ നിന്നായതാണ് തിരുവഞ്ചൂരിനെയും കൂട്ടരെയും പ്രകോപിതരാക്കിയത്. കുരങ്ങ് ചത്ത കുറവനെപ്പോലെ, വലിയ വായിൽ കഴുത കരയുമ്പോലെ എന്നിത്യാദി ഉപമാനങ്ങൾ ജോൺഫെർണാണ്ടസ് പ്രയോഗിച്ചപ്പോൾ പ്രതിപക്ഷത്ത് നിന്ന് ബഹളമുയരാതിരുന്നില്ല. കോഴിയെ കട്ടതാര് എന്ന് ചോദിക്കുമ്പോൾ എന്റെ തലയിൽ പൂടയില്ല എന്ന് പറയേണ്ട കാര്യമുണ്ടോയെന്നായി അപ്പോഴത്തെ ജോണിന്റെ ഉപമാനം.
ജോൺ വന്നുവന്ന് മുറത്തിൽ കയറി കൊത്തുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. നോമിനേറ്റഡ് അംഗം ഇലക്റ്റഡ് അംഗങ്ങളെ പരിഹസിക്കുകയോ എന്നായിരുന്നു തിരുവഞ്ചൂർന്യായം. സഭയിൽ എല്ലാവരും തുല്യരാണെന്നും ഒരംഗത്തെ രണ്ടാം പൗരനായി കാണുന്നത് ശരിയല്ലെന്നും സ്പീക്കർ വിലക്കി. അൺപാർലമെന്ററി പ്രയോഗങ്ങൾ രേഖയിലുണ്ടാവില്ലെന്ന് പ്രതിപക്ഷത്തെ സ്പീക്കർ ആശ്വസിപ്പിച്ചു. മലയാളഭാഷയിൽ എത്രയോ നല്ല പദങ്ങളുള്ളപ്പോൾ മൃഗങ്ങളുടെ പേര് പറഞ്ഞ് പ്രതിപക്ഷത്തെ ആക്ഷേപിച്ചതിൽ ഷാനിമോൾ ഉസ്മാൻ ഖിന്നയായി.
പാറ്റക്കാട്ടം മാറ്റിയാൽ പിന്നെ കഞ്ഞി വയ്ക്കാൻ അരിയുണ്ടാവില്ല എന്ന മുന്നറിയിപ്പ് കെ. രാജൻ മുസ്ലിംലീഗിന് നൽകിയത് മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തവരെയെല്ലാം പുറത്താക്കാൻ തുടങ്ങിയാൽ കാര്യം പോക്കാണെന്ന് ഓർമ്മിപ്പിക്കാനാണ്. ശൃംഖലയിൽ നിന്നവരൊന്നും നിങ്ങളുടെ കൂടെ അവസാനംവരെ ഉണ്ടാകില്ലെന്നാണ് എം.കെ. മുനീറിന്റെ മറുപടി. കേരളത്തിൽ പിണറായിസർക്കാരിന്റെ കാലത്ത് സന്തോഷമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നതായി പ്രതിപക്ഷനേതാവ് കണ്ടെത്തി. അതിന്റെ കാരണങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. പൗരത്വഭേദഗതിക്കെതിരായ സംയുക്തപ്രക്ഷോഭത്തിന് നന്ദിപ്രമേയചർച്ചയിൽ അനുകൂലനിലപാടെടുത്ത ലീഗംഗങ്ങളെ മുഖ്യമന്ത്രി മുക്തകണ്ഠം പ്രശംസിച്ചു.പൗരത്വഭേദഗതിയെ അനുകൂലിക്കാൻ കിട്ടിയ രണ്ട് മിനിറ്റ് പ്രയോജനപ്പെടുത്താൻ ഒ. രാജഗോപാൽ ശ്രമിക്കാതിരുന്നില്ല.
പദ്ധതിപ്പണം ചെലവിടാനില്ലാതെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണസ്തംഭനമാണെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. ട്രഷറിയിൽ ബില്ല് മാറാൻ കൊടുത്താൽ യു ആർ ഇൻ ദ ക്യൂ എന്നാണുത്തരമെന്ന് കെ.സി. ജോസഫ് പരിതപിച്ചു. എല്ലാം മിഥ്യയെന്നാണ് ധനമന്ത്രിയുടെ ഉത്തരം.