കല്ലമ്പലം: തകർന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും പൊങ്കാലയിട്ട് പ്രതിഷേധിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ താഴെ വെട്ടിയറ വാർഡിൽ 200ൽ പരം കുടുംബങ്ങൾ താമസിക്കുന്ന കാഞ്ഞിരംവിളയിലേയ്ക്കുള്ള ഏക റോഡായ 28-ാം മൈൽ കാഷ്യൂ ഫാക്ടറി - കാഞ്ഞിരം വിള അങ്കൻവാടി റോഡ് കുണ്ടും കുഴിയുമായി കാൽനട യാത്രപോലും ദുരിതമായതോടെയാണ് പൊങ്കാലയിട്ട് പ്രതിഷേധിച്ചത്. നിത്യേന 10ൽ പരം സ്കൂൾ ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രദേശത്ത് നിന്നും ദേശീയപാതയിലും, കശുവണ്ടി ഫാക്ടറികളിലും, മാർക്കറ്റിലും പോകുന്ന ധാരാളം പേർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നിരന്തരം പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടി ബി.ജെ.പി വർക്കല മണ്ഡലം വൈസ് പ്രസിഡന്റ് സജി പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ് മുല്ലനല്ലൂർ, വൈസ് പ്രസിഡന്റ് നാവായിക്കുളം അശോകൻ, ബൂത്ത് പ്രസിഡന്റ് മോഹന ചന്ദ്രൻ, നേതാക്കളായ സുകുമാരക്കുറുപ്പ്, യമുന ബിജു, ജയ, അഭിന്ദ്, സുനിൽ, അനിൽ , ആതിര, ജയിൻ, അഭിരാം, അർജ്ജുൻ, അപ്പു എന്നിവർ പങ്കെടുത്തു.