ഭിന്നശേഷിക്കാരുടെ പ്രഥമ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനായി ജസീറും
നെടുമങ്ങാട് : ഇടതു കാലിന് ജന്മനാെുള്ള വൈകല്യത്തെയോർത്ത് ഏറെ പരിതപിച്ചിട്ടുണ്ട് ജസീറും മാതാപിതാക്കളും.പക്ഷെ,ആ കുറവുമായി ഒതുങ്ങിക്കൂടാൻ ജസീർ ഒരുക്കമായിരുന്നില്ല.വിധി സമ്മാനിച്ച നോവ് മറക്കാൻ ക്രിക്കറ്റിലും കായിക കൂട്ടായ്മകളിലും വാശിയോടെ അവൻ മുന്നേറി.അടുത്ത മാസം നാലിന് ഹൈദ്രാബാദിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രഥമ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീമിറങ്ങുമ്പോൾ അതിൽ ജസീറുമുണ്ടാവും.ലെഗ്സ്പിന്നിൽ അത്യപൂർവ ടേണിംഗ് രീതികൾ കൈമുതലായുള്ള ജസീറാണ് ടീമിലെ താരം.
നെടുമങ്ങാട് അരശുപറമ്പ് മുക്കോല സുജി മൻസിലിൽ പരേതനായ ജാഫർഖാന്റെയും സുൽഫത്തിന്റെയും മകനാണ് ജസീർ.ഭിന്നശേഷിക്കാരുടെ കേരള ടീമിൽ സ്പിൻ ബൗളറായി ഇടം നേടിയത് അടുത്തിടെയാണ്.ബോർഡ് ഓഫ് ഡിസേബിൾഡ് ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 4 ന് ഹൈദരാബാദിലാണ് ഭിന്നശേഷിക്കാരുടെ രഞ്ജി ട്രോഫി ടൂർണമെന്റ് തുടങ്ങുക.ക്രിക്കറ്റിലൂടെ തന്റെ കഴിവു വളർത്തിയെടുത്ത ജസീറിന്റെ ഇടതുകാല്പാദത്തിനു സ്വാധീനം കുറവാണ്.നെടുമങ്ങാട് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിലൂടെയാണ് ജസീർ കളി തുടങ്ങിയത്.പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ ടീമിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ടീമിലും അംഗമായി.തുടർന്ന് രഞ്ജി ട്രോഫി ടീം തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന മത്സരങ്ങളിൽ തിരുവനന്തപുരം ടീമിന്റെ സ്പിൻ ഓൾറൗണ്ടറായി കളിച്ചു.പ്രഥമ രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശും തെലങ്കാനയും പോണ്ടിച്ചേരിയും ഉൾപ്പെടുന്ന സൗത്ത് സോണിലാണ് കേരള ടീമുള്ളത്.നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ പങ്കെടുക്കും. ടീമിലെ പ്രധാന ബൗളറും ബാറ്റ്സ് മാനുമാണ് ജസീർ.ക്രിക്കറ്റിനു പുറമെ പൊതുപ്രവർത്തന രംഗത്തും സജീവ സാന്നിദ്ധ്യമാണ്.