വെഞ്ഞാറമൂട്: പുല്ലമ്പാറ,​ കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെള്ളിക്കച്ചാൽ - കരിക്കകത്തിൽ പാലം നിർമ്മിക്കാൻ പത്ത് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സംസ്ഥാന മനുഷ്യവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നതിനെ തുടർന്നാണിത്. താരതമ്യേന ഗതാഗതം കുറവായതിനാൽ സിംഗിൾ ലൈൻ ട്രാഫിക്കിന് ഉതകുന്ന തരത്തിൽ പാലം നിർമ്മിക്കുന്നതിന് പത്ത് കോടി രൂപ ആവശ്യമായി വരുമെന്നും എന്നാൽ പാലത്തിന്റെ നിർമ്മാണം ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ തുക അനുവദിക്കുന്ന മുറയ്ക്ക് നിർമ്മാണത്തിനുള്ള അനന്തര നടപടികൾ സ്വീകരിക്കുമെന്നും എൻജിനിയർ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. നിലവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ തെള്ളിക്കച്ചാൽ,​ പൊയ്ക്കകത്തു മുകൾ, ആനക്കുഴി, ചെമ്പൻകോട് പട്ടികജാതി കോളനി തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമവാസികൾക്കും വിദ്യാർത്ഥികൾക്കും മിതൃമ്മല, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെത്താൻ ഇരുപത് കിലോമീറ്ററോളം ചുറ്റി പല ബസുകൾ കയറി ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്. വേനൽക്കാലത്ത് നദിയിലെ വെള്ളം കുറയുമ്പോൾ വഴുക്കലുള്ള പാറകളിലൂടെ സാഹസികയാത്ര നടത്തിയാണ് ഇവരുടെ സഞ്ചാരം. തെള്ളിക്കച്ചാൽ - ചെമ്പൻകോട് പട്ടികജാതി കോളനി ഭാഗത്ത് നിന്ന് വാമനപുരം നദിയിലേക്ക് നാല് മീറ്ററോളം വീതിയിലുള്ള ഇടവഴി സർവേയിൽ നിലവിലുണ്ട്. മാത്രമല്ല കുറിഞ്ചിലക്കാട് നിന്ന് കരിക്കകത്തേക്ക് റോഡും ഉണ്ട്. റോഡിനും പാലത്തിനും വേണ്ടി വസ്തു നൽകാൻ സ്ഥലമുടമകളും തയ്യാറാണ്.