തിരുവനന്തപുരം: ഇന്നുവരെ കണ്ടിട്ടില്ലാത്ത കെടുകാര്യസ്ഥതയും ധൂർത്തുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 4000 കോടി രൂപയാണ് കോൺട്രാക്ടർമാർക്ക് സർക്കാർ നൽകാനുള്ളത്. ട്രഷറി നിയന്ത്രണത്തിലൂടെ കരാറുകാർ പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണ കരാറുകാരുടെ ബുദ്ധിമുട്ട് സർക്കാർ അറിയുന്നില്ലെന്നും കരാറുകാരുടെ സംഘടനയുമായി മന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, വർക്കിംഗ് പ്രസിഡന്റ് കെ.സി. ജോൺ, ട്രഷറർ ജി. തൃദീപ്, എക്സിക്യുട്ടീവ് സെക്രട്ടറി കെ.എം. അക്ബർ, എ.കെ. ഷാജഹാൻ, കെ. മൊയ്‌തീൻകുട്ടി ഹാജി, സോണി മാത്യു, ജോജി ജോസഫ്, കെ. നന്ദകുമാർ, സജിമാത്യു, ബെന്നികിണറ്റുകര,എ.എ. ജോസഫ്, കെ. സോദരൻ, ചീരാണിക്കര സുരേഷ്, പി. മോഹൻകുമാർ, എ. മനാഫ്, ജി. സോമശേഖരൻനായർ എന്നിവർ സംസാരിച്ചു. ബിൽ തുക അനുവദിക്കുക, അന്യായമായി വർദ്ധിപ്പിച്ച സെക്യൂരിറ്റി പിൻവലിക്കുക, മുദ്രവില പഴയനിരക്ക് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.