ഇൻട്രോ.... നേരം പുലരുമ്പോൾ കൃഷിയിടം നനയ്ക്കാനെത്തിയ കർഷകർ കാണുന്ന കാഴ്ച വിളവെടുക്കാറായ കപ്പയും കുലച്ച വാഴയുമെല്ലാം നശിപ്പിച്ചിരിക്കുന്നതാണ്. കപ്പ കുത്തിമറിച്ച് കിഴങ്ങ് തിന്നിരിക്കുന്നു. പാകമായ വാഴക്കുല മുക്കാലും ഭക്ഷിച്ചിരിക്കുന്നു. ഇതാണ് മലയോര കർഷകർ നേരിടുന്ന വലിയ പ്രതിസന്ധി.കാട്ടിൽ നിന്നെത്തുന്ന കുരങ്ങുകളും കാട്ട് പന്നികളും ഈ രീതിയിൽ കൃഷിനശിപ്പിക്കുമ്പോൾ ഇതിനൊരു പരിഹാരമില്ലേ ? എന്ന കർഷക വിലാപങ്ങൾ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

വെള്ളറട: കാട് വിട്ട് നാട്ടിലേക്ക് ചേക്കേറുന്ന കുരങ്ങുകളും കാട്ടുപന്നിയും കർഷകരുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാകുന്നു. വന്യജീവികളുടെ കൃഷി നശീകരണത്തിന് പരിഹാരമുണ്ടോ അധികാരികളേ എന്ന കർഷകരുടെ ചോദ്യങ്ങൾ മറുപടി കിട്ടാതെ മുഴങ്ങിക്കേൾക്കുകയാണ്.

ഭക്ഷ്യധാന്യങ്ങൾ കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി.തെരഞ്ഞെടുപ്പിൽമാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയപാർട്ടികളെത്തും.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകരുടെ കാര്യം എല്ലാവരും മറക്കും.

ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ) വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നും തന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്. മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങിയതോടെ കുരങ്ങുകൾ മലയോര മേഖലയിലേയ്ക്ക് കൂട്ടമായെത്തുകയാണ്.

കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലം വിടും.

നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്ക ആകുമ്പോൾതന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും. വന അതിർത്തി കഴിഞ്ഞ് എത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ മലയോരത്ത്ഇനി കൃഷി ഭൂമി കാണില്ലെന്ന് കർഷകർ പറയുന്നു.

വന്യജീവി ആക്രമണത്താൽ

കൃഷി നശിച്ച ഇടങ്ങൾ

വെള്ളറട

അമ്പൂരി

കള്ളിക്കാട്

പന്നിമല

തേക്കുപാറ

 കുട്ടമല

 കണ്ടംതിട്ട

പാമ്പരംകാവ്

 പുറുത്തിപ്പാറ

വാഴിച്ചൽ

മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണം. അത് കർഷകരെ സംരക്ഷിക്കുന്നതിനുവേണ്ടിയാകണം.

-- മലയോര കർഷക കൂട്ടായ്മ