പാലോട്: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് തികഞ്ഞ അനാസ്ഥ കാണിക്കുന്നതായി ആർ.വൈ.എഫ് നന്ദിയോട് ലോക്കൽ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. എം.കെ.പ്രേമചന്ദ്രൻ ജലസേചന മന്ത്രിയായിരിക്കെ അനുവദിച്ച നന്ദിയോട് ആനാട് കുടിവെള്ള പദ്ധതിയാണ് അവതാളത്തിൽ. കോടികൾ ചെലവഴിച്ച് പമ്പ് ഹൗസ്, ട്രീറ്റ്മെന്റ് പ്ലാന്റ്, പൈപ്പിടൽ ജോലികൾ എന്നിവ പൂർത്തീകരിച്ചുവെങ്കിലും ലൈൻപൈപ്പ്, ഓവർ ഹെഡ്ടാങ്ക് സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. തുടർ നടപടികൾ സ്വീകരിച്ചില്ലായെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ മണ്ഡലം സെക്രട്ടറി എസ്.എസ്.ബാലുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. യു.എസ് .ബോബി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം നന്ദിയോട് ജെ. ബാബു, ബി.മോഹനൻ , അഡ്വ.ബി.എസ്. സുബാഷ് ,ജിത്തു അജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഐ.സൈജു (പ്രസിഡന്റ്), ജിത്തു അജയൻ (സെക്രട്ടറി), ശാന്തിപ്രിയൻ (ട്രഷറർ).