തിരുവനന്തപുരം: മലയാളത്തിൽ ആദ്യമായി ദിനപത്രത്തിന്റെ ഓഡിയോ പതിപ്പ് പുറത്തിറക്കി വിപ്ളവം സൃഷ്‌ടിച്ച കേരളകൗമുദിയെ കാഴ്‌ചപരിമിതരുടെയും മറ്റ് ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ അക്ഷരനാദം ഫൗണ്ടേഷൻ ആദരിക്കും. 8ന് രാവിലെ 9ന് വഴുതക്കാട് ഗവൺമെന്റ് വിമെൻസ് കോളേജിൽ നടക്കുന്ന സംഘടനയുടെ വാർഷികാഘോഷ ചടങ്ങിൽ കൗമുദി ചാനൽ ബ്രോഡ്കാസ്‌റ്റിംഗ് ഹെഡ് എ.സി.റെജി കേരളകൗമുദിക്ക് വേണ്ടി ആദരം ഏറ്റുവാങ്ങും. ഇതോടൊപ്പം കാഴ്ചപരിമിതരായ വിദ്യാർത്ഥികളെയും ആദരിക്കും.

വാർത്തകൾ ഓഡിയോ രൂപത്തിൽ ഒാൺലൈൻ എഡിഷനിൽ ലഭ്യമാക്കിയ കേരളകൗമുദിയുടെ സേവനം ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് രക്ഷാധികാരികളായ കെ.ആർ. രഘുനാഥൻനായർ, ഡോ. ഉമാജ്യോതി, ചെയർമാൻ രജനീഷ് .എസ്.എസ് എന്നിവർ പറഞ്ഞു. ഫൗണ്ടേഷൻ അറിയിച്ചു. കാഴ്‌ചപരിമിതരായവരുടെ വായനാശീലം വളർത്തുക, വൈജ്ഞാനിക പ്രസിദ്ധീകരണങ്ങൾ,​ പത്രങ്ങൾ എന്നിവ ശബ്ദരൂപത്തിൽ തയ്യാറാക്കി വാട്സ് ആപ്പിലൂടെ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അക്ഷരനാദം ഫൗണ്ടേഷൻ

പ്രഥമ പരിഗണന നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.