തിരുവനന്തപുരം: വയനാട് വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന് മോട്ടോർവാഹന വകുപ്പ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.

ബസ് മുന്നോട്ടെടുത്തിട്ടും ഡ്രൈവർ ഓട്ടോമാറ്റിക്‌ ഡോർ അടയ്ക്കാത്തതാണ് അപകടത്തിന് കാരണം. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യും.ഇരുവരോടും തിങ്കളാഴ്ച ഹാജരാകാൻ വയനാട് ആർ.ടി.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞയാഴ്ച കെ.എസ്.ആർ.ടി.സി ബസ് കാറുമായി കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.കോഴിക്കോട് മൈസൂർ റൂട്ടിലോടുന്ന ബസിന്റെ ഡോറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമായി.