bridge

തിരുവനന്തപുരം:വഴിവിട്ട നടപടികൾ വിജിലൻസ് കണ്ടെത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ, പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് വഴിയൊരുങ്ങി.നിയമസഭാസമ്മേളനം 12വരെയുണ്ട്. അതുകഴിഞ്ഞാവും അറസ്റ്റ്. അല്ലെങ്കിൽ സ്പീക്കറുടെ അനുമതിയോടെ അറസ്റ്റാവാം

രേഖകളെല്ലാം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തശേഷമാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. കരാറിന് വിരുദ്ധമായി എട്ടേകാൽ കോടി മുൻകൂറായി സ്വകാര്യകമ്പനിക്ക് നൽകുകയും നിർമ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തെന്ന കുറ്റത്തിൽ നിന്ന് ഇബ്രാഹിംകുഞ്ഞിന് ഒഴിയാനാവില്ല. പ്രധാന കുറ്റവാളി മന്ത്രിയാണെന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുംചെയ്ത സാഹചര്യത്തിൽ വിജിലൻസിനോ സർക്കാരിനോ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കുക എളുപ്പമല്ല.

മുഹമ്മദ് ഹനീഷിനേയും

ചോദ്യംചെയ്യും

ഇബ്രാഹിംകുഞ്ഞിനെയും റോഡ്സ് ആൻഡ് ബ്റിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എ.പി.എം മുഹമ്മദ് ഹനീഷിനേയും വിജിലൻസ് ചോദ്യം ചെയ്യും.. മുൻകൂർ പണം നൽകുന്നതിനെ അനുകൂലിച്ചതടക്കം ഹനീഷിന്റെ നടപടികളും സംശയനിഴലിലാണ്. കോർപ്പറേഷൻ കരാറുകാരുമായി ഒത്തുകളിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്​റ്റ് എന്നായിരുന്നു തുടക്കം മുതൽ വിജിലൻസിന്റെ നിലപാട്. മരാമത്തുവകുപ്പിലേയും സെക്രട്ടേറിയ​റ്റിലേയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും വകുപ്പുകളിൽ നിന്ന് രേഖകൾ പിടിച്ചെടുത്തും പരമാവധി തെളിവുണ്ടാക്കി. വീഴ്ചയുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്ന് ഇബ്രാഹിംകുഞ്ഞ് നിലപാടെടുത്തതോടെ, ഉദ്യോഗസ്ഥരും തിരിഞ്ഞു. 8.25കോടി പലിശയില്ലാതെ മുൻകൂർ നൽകാനാണ് ഇബ്രാഹിംകുഞ്ഞ് നിർദ്ദേശിച്ചതെന്നും ഏഴു ശതമാനം പലിശ ഈടാക്കാനായിരുന്നു തന്റെ ശുപാർശയെന്നും മൊഴിനൽകിയ സൂരജ്, ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവുകൾ ഫയലിലുണ്ടെന്ന് വിവരം നൽകി. ഇതേത്തുടർന്ന് ചീഫ്സെക്രട്ടറിയുടെ സഹായത്തോടെ ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തു.

വിജിലൻസിന്റെ

കണ്ടെത്തലുകൾ

കുറഞ്ഞ തുക ക്വോട്ട് ചെയ്‌ത സ്ഥാപനത്തെ ഒഴിവാക്കിയാണ് ആർ.ഡി.എസ് കമ്പനിക്ക് കരാർ നൽകിയത്. 47.68കോടിയുടേതാണ് ടെൻഡർ. (ഫ്ളൈ ഒാവറിന് 30.90കോടി, അനുബന്ധ പണിക്ക് 16.78കോടി)

42കോടിയുടെ ടെൻഡർ നൽകിയ ചെറിയാൻ വർക്കി കൺസ്ട്രക്‌ഷന് ടെൻഡർ ലഭിക്കാതിരിക്കാൻ രേഖകൾ തിരുത്തി.

ടെൻഡർ തുക രേഖപ്പെടുത്തിയ പേജിന്റെ അവസാനം 13.43ശതമാനം റിബേറ്റ് കൂടി എഴുതിച്ചേർത്ത് ആർ.ഡി.എസിന്റെ ടെൻഡർ 41.27കോടിയായി കുറച്ചു.

ഫ്ളൈഒാവറിന്റെ ഡിസൈൻ തയ്യാറാക്കേണ്ടത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ .തയ്യാറാക്കിയത് ബംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസി.

മുൻകൂർ നൽകുന്ന തുക 30 ശതമാനം വീതം ഒാരോ ബില്ലിൽ നിന്നും തിരിച്ചുപിടിക്കാനുള്ള വ്യവസ്ഥ. പത്ത് ശതമാനം വീതമാക്കിയത് സ്വകാര്യകമ്പനിയെ സഹായിക്കാൻ.

സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെൻഡർ നൽകുന്നതെങ്കിൽ വ്യത്യാസമുള്ള തുക ബാങ്ക് ഗാരന്റിയായി നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല.

പാലത്തിന് പറ്റിയത്

ഗർഡറുകളിലും തൂണുകളിലും 0.2 മുതൽ 0.4 മില്ലീമീറ്റർ വീതിയിൽ വിള്ളൽ
കോൺക്രീറ്റ് മിശ്രിതത്തിന് നിലവാരമില്ല
പിയർ ക്യാപ്പിൽ നിന്ന് ഗർഡർ ഇളകി മാറിയതിനാൽ ബലക്ഷയം

ഇബ്രാഹിം കുഞ്ഞിന്റെ വാദം

സിമന്റും കമ്പിയും എത്രയെന്ന് പരിശോധിക്കൽ ഉദ്യോഗസ്ഥരുടെ പണിയാണ്.

മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നൽകുന്ന ജോലിയേയുള്ളൂ.

പിന്നീടുള്ള പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണം.

''ഒന്നും ഒളിക്കാനില്ല, അന്വേഷണത്തോട് സഹകരിക്കും''

-വി.കെ.ഇബ്രാഹിംകുഞ്ഞ്

''നടപടി രാഷ്ട്രീയനീക്കം. പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാൻ''

- ഉമ്മൻചാണ്ടി

മുൻ മുഖ്യമന്ത്രി