
തിരുവനന്തപുരം: വിദ്യാർത്ഥികളെ മർദ്ദിച്ച് സമരങ്ങൾ അവസാനിപ്പിക്കാമെന്ന കേന്ദ്രസർക്കാരിന്റെ ആഗ്രഹം നടപ്പാവില്ലെന്നും ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോവുമെന്നും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന 'വി ആർ വൺ' പരിപാടിയിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയതായിരുന്നു ഐഷി ഘോഷ്.
ജെ.എൻ.യു കാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മർദ്ദിച്ച എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ജെ.എൻ.യു ആക്രമണം നടന്നിട്ട് ഒരുമാസം കഴിഞ്ഞു. അക്രമം നടത്തിയവർ ഇപ്പോഴും കാമ്പസിലുണ്ട്. ജെ.എൻ.യുവിൽ മാത്രമല്ല ജാമിയ മിലിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കുനേരെയും നിരവധി തവണ സംഘപരിവാർ അക്രമം അഴിച്ചുവിട്ടു. ജാമിയ മിലിയ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനു നേരെ വെടിയുതിർത്തു. വൈസ് ചാൻസലറെ മാറ്റുന്നതുവരെ പ്രക്ഷോഭം തുടരും. ഷഹീൻബാഗിൽ കണ്ടത് ഡൽഹിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന രാഷ്ട്രീയ അജൻഡയാണെന്നും അവർ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എ.കെ.ജി സെന്ററിലെത്തി ഐഷി ഘോഷ് സന്ദർശിച്ചു. വിദ്യാർത്ഥികൾക്കെതിരെ സംഘപരിവാർ പ്രയോഗിക്കുന്ന ഓരോ ഇരുമ്പുവടിക്കും ആശയപരമായ സംവാദംകൊണ്ട് മറുപടി നൽകുമെന്ന ഐഷിയുടെ നിലപാട് അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് കോടിയേരി പറഞ്ഞു.