nims

നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരുടെ ചികിത്സയും പരിഹാരമാർഗങ്ങളെയും സംബന്ധിച്ച് നിംസ് സ്‌പെക്ട്രം സഹായത്തോടെ തിരഞ്ഞെടുത്ത അങ്കണവാടികളിൽ, ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ തുടർ പരിശീലനം ഒരുക്കുമെന്നു സാമൂഹ്യ നീതി, ശിശു വികസന സമിതി സെക്രട്ടറി ബിജു പ്രഭാകർ. ജില്ലയിലെ അങ്കണവാടി ജീവനക്കാർക്ക് ജില്ലാ ശിശു വികസന സമിതിയും നിംസ് മെഡിസിറ്റി സ്‌പെക്ട്രം ശിശു വികസന ഗവേഷണ സമിതിയും നടത്തിയ പരിശീലനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ വച്ചായിരിക്കും പരിശീലനം. ഭിന്നശേഷിക്കാർക്കു ആംഗ്യഭാഷ പഠിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമായി കാണണം . പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിലെ മുഖ്യധാരയിലേക്കു കൊണ്ടുവന്നാലേ രാജ്യം സാംസ്‌കാരികമാകൂ-ബിജു പ്രഭാകർ അഭിപ്രായപ്പെട്ടു. ബുദ്ധി വികാസ വ്യതിയാനമുള്ളവരെ പുനരധിവസിപ്പിക്കുന്നതിനും അതിനായി ശാസ്ത്രീയ വശങ്ങൾ അവലംബിക്കുന്നതിനും മറ്റുമുള്ള വിവിധ ക്ലാസുകൾക്ക് സ്‌പെക്ട്രം ഡയറക്ടർ ഡോ. എം.കെ.സി നായർ നേതൃത്വം നൽകി. ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി എം.ഡി. എം.എസ് ഫൈസൽഖാൻ, വനിതാ ശിശു വികസന സമിതി ജില്ലാ ഓഫീസർ എസ്. സബീന ബീഗം, പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായർ, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ അനിത ദീപ്തി, നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. ഷിബു, ഡോക്ടർ കെ.എ. സജു, ഡോക്ടർ. ജിം ഗോപാലകൃഷ്ണൻ , എസ്.എസ്. സോനു എന്നിവർ സംസാരിച്ചു