തിരുവനന്തപുരം: കമ്മിഷൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, സബ് സ്റ്റാഫ് ജീവനക്കാർക്ക് പ്രൊമോഷൻ നിഷേധിക്കുന്ന ചട്ടം 185 (10) റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സഹകരണ ജീവനക്കാർ നടത്തുന്ന ത്രിദിന സത്യാഗ്രഹം സെക്രട്ടേറിയറ്റിനു മുന്നിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിൽ അനിശ്ചിതത്വമുണ്ടെങ്കിലും ഒരു ജീവനക്കാരന്റെപോലും തൊഴിൽ നഷ്ടപ്പെടില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. മോഹൻദാസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.എ. രമേഷ് സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വഹീദ, സെക്രട്ടറി എം.എൻ. മുരളി, പി.ജി. ഗോപകുമാർ, കെ.ബി. ജയപ്രകാശ്, സി.സുരേശൻ എന്നിവർ സംസാരിച്ചു. സമാപനയോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. ജയൻബാബു ഉദ്ഘാടനം ചെയ്തു. ബി. അനിൽ കുമാർ നന്ദി പറഞ്ഞു.