തിരുവനന്തപുരം: കിളിമാനൂർ പറക്കോട് ദേവിക്ഷേത്ര ജീവനക്കാരി കമലാക്ഷിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിളിമാനൂർ തെങ്ങുവിള സ്വദേശി മോഹൻ കുമാറിനെ കോടതി ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്ക്കം ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജോസ്.എൻ.സിറിലിന്റേതാണ് ഉത്തരവ്.
പറക്കോട് ദേവീ ക്ഷേത്രത്തിലെ അടിച്ചു തളിക്കാരിയായിരുന്നു കമലാക്ഷി. ക്ഷേത്ര ബാലാലയത്തിൽ നിന്ന് നാഗരാജ വിഗ്രഹം മോഷണം പോയിരുന്നു. വിഗ്രഹം മോഷ്ടിച്ചത് അയൽവാസിയായ മോഹൻകുമാറാണെന്ന് കമലാക്ഷിക്ക് മനസിലായി. ഇക്കാര്യം ക്ഷേത്ര പുന:പ്രതിഷ്ഠാദിവസം പരസ്യമായി പറയുമെന്ന് കമലാക്ഷി പലരോടും പറഞ്ഞിരുന്നു. തന്റെ പേര് പുറത്തറിയുമെന്ന് ഭയന്ന പ്രതി 2006 ജൂൺ 24 ന് രാത്രി കമലാക്ഷിയെ കുത്തികൊലപ്പെടുത്തി. ഇതിനുശേഷം ഒളിവിൽ പോയ പ്രതിയെ മലപ്പുറം പൂക്കോട്ടുപാടം ശിവക്ഷേത്രത്തിലെ ആഭരണ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കമലാക്ഷിയെ കൊലപ്പെടുത്തിയത് താനാണെന്ന് മോഹൻകുമാർ സമ്മതിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.