തിരുവനന്തപുരം: കേരള പൊലീസിൽ ഗതാഗതത്തിന്റെയും റോഡ് സുരക്ഷയുടെയും ചുമതലയുള്ള ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഐ.പി.എസിൽ നിന്ന് രാജിവച്ച് തെലങ്കാനയിൽ ഐ.ടി മന്ത്രിയാവും. 46കാരനായ അദ്ദേഹത്തിന് 14 വർഷം സർവീസി ശേഷിക്കുന്നുണ്ട്.
ഹൈദരാബാദിൽ രാഷ്ട്രീയ ചർച്ചയിലായിരുന്ന ലക്ഷ്‌മൺ ഇന്ന് തിരുവനന്തപുരത്തെത്തി ചീഫ്സെക്രട്ടറിയെ കണ്ട് രാജിക്കത്ത് കൈമാറിയേക്കും. ലക്ഷ്‌മണിന്റെ രാജിക്കത്ത് അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറുന്നത് സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയതായി വിവരമുണ്ട്.
ലക്ഷ്‌മണിന്റെ ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിലുണ്ട്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫറുണ്ടായിരുന്നെങ്കിലും ലക്ഷ്‌മൺ സ്വീകരിച്ചിരുന്നില്ല. വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനാണ് ഐ.ടി വകുപ്പിന്റെ ചുമതല. റാവുവിൽ നിന്ന് ഐ.ടി എടുത്തുമാറ്റി ലക്ഷ്‌മണിന് നൽകുമെന്നാണ് സൂചന. തെലങ്കാന മന്ത്റിയാകുന്നതിന് അന്തിമ തീരുമാനമായാൽ അദ്ദേഹം മൂന്നുമാസത്തെ ശമ്പളം കേന്ദ്ര സർക്കാരിലേക്ക് തിരികെ അടച്ച് ഉടൻ വിരമിക്കും. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുഗുലോത്ത് ലക്ഷ്മൺ ഖമ്മം ജില്ലക്കാരനാണ്. ആന്ധ്രാപ്രദേശ് മുൻ ഡി.ജി.പി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണു ഭാര്യ.
''പ്രാഥമിക ചർച്ചകളാണ് നടക്കുന്നത്. ഇപ്പോൾ ഞാൻ ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക പ്പഖ്യാപനമുണ്ടാകാത്തതിനാൽ ഒന്നും പറയുന്നില്ല.''
-ഗുഗുലോത്ത് ലക്ഷ്മൺ