തിരുവനന്തപുരം: കോഴിക്കോട് യു.എ.പി.എ കേസിൽ ഇപ്പോഴെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയത് നന്നായെന്നും അദ്ദേഹത്തിന് വിവേകമുദിച്ചത് നല്ല കാര്യമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു. താൻ അമിത്ഷായെ കാണണോ എന്ന് ചോദിച്ചയാൾ ഇപ്പോൾ അമിത്ഷായ്ക്ക് കത്തെഴുതിയില്ലേ. ഇത് നേരത്തേ ചെയ്യേണ്ടിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയിൽ അമിത്ഷായ്ക്ക് പൂച്ചെണ്ട് കൊടുത്തത് നമ്മളാരും മറന്നിട്ടില്ല. നമ്മൾ പറഞ്ഞപ്പോൾ വസ്തുത അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ട് കാണണം. വെറുതെ കത്തെഴുതിയത് കൊണ്ട് കാര്യമില്ല. അമിത്ഷായെ കാര്യങ്ങൾ സംസാരിച്ച് ബോദ്ധ്യപ്പെടുത്തണം.
ഇന്നലെ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും താനും ഏഴ് ബി അനുസരിച്ച് ഈ കേസ് സംസ്ഥാന പൊലീസിന് കൈമാറണമെന്ന് പറഞ്ഞത് കേരള പൊലീസിനെ മഹത്വവത്കരിക്കാനല്ല. എൻ.ഐ.എ ഈ കേസ് ഏറ്റെടുക്കേണ്ടതില്ല, ഇവരുടെ പേരിൽ യു.എ.പി.എ ചുമത്തിയത് തെറ്റാണ് എന്ന ബോദ്ധ്യമുള്ളത് കൊണ്ടാണ്. തെറ്റ് തിരുത്തുന്നത് നല്ല കാര്യമാണ്. ഈ കേസ് എൻ.ഐ.എ ഏറ്റെടുത്തത് കേരളത്തിലെ ഇടതുസർക്കാർ യു.എ.പി.എ ചുമത്തിയത് കൊണ്ടാണ്. അല്ലെങ്കിൽ എന്തിനാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി പറയണം. എന്താണ് അവർ ചെയ്ത കുറ്റകൃത്യം എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. നാട്ടിൽ ലഘുലേഖ കൈയിൽ വച്ചതിന് യു.എ.പി.എ ചുമത്തുന്ന ആദ്യത്തെ സംഭവമാണിത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും വീണ്ടും സംയുക്തസമരത്തിനായി പറയുന്നത് രാഷ്ട്രീയമുതലെടുപ്പിനാണ്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. യു.ഡി.എഫ് ഇതിൽ രാഷ്ട്രീയ മുതലെടുപ്പിനില്ല. പൗരത്വഭേദഗതി വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നത് യു.ഡി.എഫാണ്. നാളെയും ഇത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.