കോവളം: യാത്രാമദ്ധ്യേ ബൈപാസിൽ നഷ്ടപ്പെട്ട പണം കേരളകൗമുദി വാർത്തയെ തുടർന്ന് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കോവളം കെ.എസ് റോഡിൽ റിട്ട. സെക്രട്ടേറിയറ്റ് പി.ആർ.ഡി ജീവനക്കാരിയായ ലളിതയ്ക്കാണ് നഷ്ടപ്പെട്ട 19,000 രൂപ കോവളം പൊലീസിന്റെ സഹായത്താൽ തിരികെ ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെയാണ് വാഴമുട്ടം തുപ്പനത്തുകാവ് സ്വദേശിയും ഗൾഫുകാരനുമായ സുജിക്ക് കോവളം ജംഗ്ഷനിലെ റോഡിൽ നിന്നാണ് നോട്ടുകൾ ലഭിച്ചത്. ഇത് കോവളം പൊലീസിന് കൈമാറിയിരുന്നു. ലളിതയുടെയും ഭർത്താവ് റിട്ട. സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥൻ തങ്കയ്യന്റെയും പെൻഷൻ തുക നഗരത്തിലെ ട്രഷറിയിൽ നിന്നു വാങ്ങി തിരികെ വരുന്ന വഴിക്കാണ് നഷ്ടപ്പെട്ടത്. കോവളം ജംഗ്ഷനിൽ ബസിറങ്ങിയപ്പോഴാണ് ഹാൻഡ് ബാഗിൽ സൂക്ഷിച്ച അഞ്ഞൂറിന്റെ നോട്ടുകൾ റോഡിലേക്ക് വീണത്. ലളിത വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ബാഗ് തുറന്ന നിലയിലായിരുന്നു. ബസിൽ നിന്ന് മോഷണം പോയതാണോ നഗരത്തിൽ വച്ച് നഷ്ടപ്പെട്ടതാണോ എന്നറിയാത്തതിനാൽ വിവരം ആരോടും പറഞ്ഞില്ല. എന്നാൽ ഇന്നലെ കേരളകൗമുദിയിൽ വന്ന വാർത്തയാണ് തങ്ങളുടെ പണം തിരികെ ലഭിക്കാൻ സഹായിച്ചതെന്ന് തങ്കയ്യൻ കൂപ്പുകൈയോടെ പറയുന്നു. ഇരുവരും ഇന്നലെ രാവിലെ 8 ഓടെ കോവളം പൊലീസ് സ്റ്റേഷനിലെത്തി പെൻഷൻ ബുക്കും ബന്ധപ്പെട്ട രേഖകളും എസ്.എച്ച്.ഒ അനിൽകുമാറിന് നൽകിയ ശേഷം എസ്.ഐ അനീഷ്‌കുമാർ, എ.എസ്.ഐ ടി.ബിജു, പൊലീസ് ഉദ്യോഗസ്ഥരായ വിജേഷ്, സുജിത, രാജേഷ്, സത്യസന്ധതയോടെ പണം സ്റ്റേഷനിലെത്തിച്ച സുജി എന്നിവരുടെ സാന്നിദ്ധ്യത്തിൻ പണം ഏറ്റുവാങ്ങി.
ഫോട്ടോ
വാഴമുട്ടം സ്വദേശി സുജിക്ക് ലഭിച്ച പണം കോവളം പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ ടി.ബിജുവിന്റെ സാന്നിദ്ധ്യത്തിൽ ലളിതയ്ക്ക് കൈമാറുന്നു.