പാറശാല: ഓടിക്കൊണ്ടിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ കണ്ടക്ടർ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്ത് നിന്നു നാഗർകോവിലിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായ ഡോക്ടറെയാണ് കണ്ടക്ടർ ദേഹോപദ്രവം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡോക്ടർ ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് പാറശാല വച്ച് പൊലീസ് ബസ് തടഞ്ഞ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9 നാണ് സംഭവം. എന്നാൽ ബസ് നിറുത്തിയ ഉടൻ പരാതിക്കാരിയായ ഡോക്ടർ ഇറങ്ങിപോയതിനെ തുടർന്ന് പിന്നീട് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും പരാതിയില്ലെന്ന് പറഞ്ഞതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ കണ്ടക്ടറെ വിട്ടയച്ചു. എന്നാൽ കണ്ടക്ടറുടെ സുഹൃത്തുക്കൾ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പരാതിയില്ലെന്ന് പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം ഇന്നലെ വൈകിട്ട് പാറശാല ആശുപത്രി ജംഗ്‌ഷനിൽ വച്ച് തമിഴ്നാട് ബസിന് നേരെ കല്ലെറിഞ്ഞ ഒരാളെ പൊലീസ് പിടികൂടി. ഇയാൾ മാനസിക രോഗിയായതിനാൽ കണ്ടക്ടറുടെ പീഡന സംഭവവുമായി കല്ലേറിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.