m

തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 1964 ൽ പത്താം ക്ലാസ് ജെ ഡിവിഷനിൽ പഠിച്ചിരുന്ന വിദ്യാർത്ഥിയായി പത്മഭൂഷൺ ബഹുമതി നേടിയ ആത്മീയാചാര്യൻ ശ്രീ എം എത്തിയപ്പോൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആവേശം. അൻപതു വർഷങ്ങൾക്കു മുൻപ് സ്‌കൂൾ ഗ്രൗണ്ടിൽ കബഡി കളിച്ചതും തല്ല് കൂടിയതും സുഹൃത്തിന്റെ ബുള്ളറ്റിൽ കന്യാകുമാരിയിൽ കറങ്ങിയതുമൊക്കെ ശ്രീ എം ഓർത്തെടുത്തു പറഞ്ഞപ്പോൾ കളിക്കൂട്ടുകാരും സ്‌കൂൾ അസംബ്ലി ഹാളിലെ സദസിൽ അതൊക്കെ ആസ്വദിക്കാൻ ഉണ്ടായിരുന്നു .
പത്മഭൂഷൺ ലഭിച്ച പൂർവ വിദ്യാർത്ഥിയെ ആദരിക്കാൻ തൈക്കാട് മോഡൽ സ്‌കൂൾ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടിയായി ശ്രീ എം പഴയ സ്‌കൂൾ ജീവിതം ഹൃദ്യമായി ഓർത്തെടുത്തത്. അന്നത്തെ ഇരുപതോളം സഹപാഠികളും ചടങ്ങിൽ എത്തി. ഈ പത്മഭൂഷൺ ബഹുമതി മോഡൽ സ്‌കൂളിന്റേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ നീണ്ട കരഘോഷം അസംബ്ലിഹാളിൽ മുഴങ്ങി
അനുമോദന സമ്മേളനത്തിൽ പി.റ്റി.എ പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി.ഷാജി, ഹെഡ്മാസ്റ്റർ ആർ.എസ്.സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ജെ.എം.റഹിം എന്നിവർ സംസാരിച്ചു.