തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും തൊഴിൽ നൈപുണ്യം ലഭ്യമാക്കാൻ നാഷണൽ കൺസ്ട്രക്‌ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ അക്കാഡമി സ്ഥാപിക്കാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡിന് കീഴിൽ ചാത്തന്നൂരിലായിരിക്കും അക്കാഡമി സ്ഥാപിക്കുക.
പാലക്കാട് ജില്ലയിലെ പെരുമാട്ടി, പഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി പഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബി മുഖേന നടപ്പാക്കാൻ അനുമതി നൽകി. 98.5 കോടി രൂപയാണ് ഇതിന് ചെലവ്. സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിച്ചു.
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം.ഡി. ജനറൽ മെഡിസിൻ വിഭാഗത്തിൽ 4 സീനിയർ റസിഡന്റ് തസ്തികകൾ സൃഷ്ടിക്കും.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട പഡ്രെ വില്ലേജിനെ പഡ്രെ, കാട്ടുകുക്കെ എന്നീ വില്ലേജുകളായി വിഭജിക്കും. ഇതിനായി 6 തസ്തികകൾ സൃഷ്ടിക്കും.
2010-14 വർഷത്തെ സ്‌പോർട്സ് ക്വാട്ട നിയമനത്തിന് സെലക്‌ഷൻ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റിൽ നിന്നും 5 പേരെ റഗുലർ തസ്തികകളിലും 190 പേരെ താൽക്കാലികമായും നിയമിക്കാൻ അനുമതി നൽകും.
കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് പകർച്ചവ്യാധികൾ തടയുന്നതിന് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തതു വഴി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന് ചെലവായ 2.86 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.