വെഞ്ഞാറമൂട്: കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾക്ക് വെഞ്ഞാറമൂട്ടിൽ സ്വീകരണം. ആർ. കുഞ്ഞുകൃഷ്ണപിള്ള സ്‌മൃതി മണ്ഡപത്തിൽ നിന്നു ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്. ഷാജഹാന്റെ നേതൃത്വത്തിൽ കൊടിമര ജാഥ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്‌തു. പള്ളിക്കൽ അജയന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് എ. ഗണേശന്റെ നേതൃത്വത്തിൽ പതാക ജാഥ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജീവൻ കുമാറിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ദിനേശ്കുമാറിന്റെ നേതൃത്വത്തിൽ ദീപശിഖ റാലി അഡ്വ.പി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്‌തു. സമ്മേളന നഗരിയിലെത്തിയ വിവിധ ദീപശിഖ, പതാക ജാഥ ജില്ലാ പ്രസിഡന്റ് ബി.പി. മുരളിയും കൊടിമരം ജില്ലാ സെക്രട്ടറി കെ. ശശാങ്കനും വിവിധ ഏരിയകളിൽ നിന്നുള്ള ദീപശിഖകൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. രതീന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ ഡി.കെ. മുരളി എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി കെ. മീരാൻ, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ്. അംബിക, ഇ.എ. സലിം, ബി. ബാലചന്ദ്രൻ, അയിരൂർ മോഹനൻ, ആർ. അനിൽ തുടങ്ങിയവർ ഏറ്റുവാങ്ങി. തുടർന്ന് പ്രഥമ കലാഭവൻ മണി പുരസ്‌കാര ജേതാവ് സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള നാടൻപാട്ടും സമ്മേളന നഗരിയിൽ അരങ്ങേറി. ഇന്ന് രാവിലെ എം.എം. മുസ്തഫ നഗറിൽ (എസ്.എച്ച് ഓഡിറ്റോറിയം) രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ലെനിൻ രാജേന്ദ്രൻ നഗറിൽ(നെല്ലനാട് പഞ്ചായത്ത് സ്വരാജ്ഭവൻ ഹാളിൽ) കവിയരങ്ങ് നടക്കും. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ചയും തുടരും. 8ന് വൈകിട്ട് 5ന് രാമാനന്ദൻ നഗറിൽ (വെഞ്ഞാറമൂട് ജംഗ്ഷൻ) നടക്കുന്ന പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.