തിരുവനന്തപുരം: വീട്ടിലേക്ക് വന്ന താടിയുള്ള മാമനെ ആദ്യം നാലാം ക്ളാസുകാരി അഭിരാമി തിരിച്ചറിഞ്ഞില്ല. വീട്ടുകാർ അത് മേയറാണെന്നു പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി. അഭിരാമി നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് അവളുടെ വെഞ്ചാവോടുള്ള വീട്ടിലേക്ക് മേയർ കെ. ശ്രീകുമാർ എത്തിയത്. മണയ്ക്കൽ ഗവ. മോഡൽ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഭിരാമി സ്വന്തം കൈപ്പടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി അയച്ചിരുന്നത്. ഇത് മേയറുടെ പരിഹാര സെല്ലിലേക്ക് കൈമാറിയതിനെ തുടർന്നാണ് മേയർ വീട് സന്ദർശിച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴി കാടുപിടിച്ചു കിടക്കുന്നു, രാത്രിയിൽ തെരുവ് വിളക്ക് കത്തുന്നില്ല തുടങ്ങിയ പരാതികൾ അഭിരാമി മേയറോട് നേരിട്ടും ആവർത്തിച്ചു. ഉടനെ സ്ഥലം കാണാൻ അഭിരാമിയോടൊപ്പം മേയർ പുറത്തിറങ്ങി. പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഉടൻ നടപടിയും വന്നു. നഗരസഭയിലെ ജീവനക്കാരെ വിളിച്ചു വരുത്തി വഴിയിലെ പുല്ലൊക്കെ വെട്ടിമാറ്റിച്ചു. കെ.എസ്.ഇ.ബി അധികൃതരോട് അടിയന്തരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചു. എല്ലാ മാസവും സ്ഥലം സന്ദർശിക്കുന്നതിന് ശ്രീകാര്യം ഹെൽത്ത് ഇൻസ്‌പെക്ടറെയും ചുമതലപ്പെടുത്തിയ ശേഷമാണ് മേയർ മടങ്ങിയത്.