ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഏകദിനത്തിൽ കന്നിക്കാരായ പൃഥ്വി ഷായും (20), മായാങ്ക് അഗർവാളും ചേർന്നാണ് ഒാപ്പണിംഗിന് ഇറങ്ങിയത്. അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചയുടൻ സഖ്യം തകർന്നു. 21 പന്തുകളിൽ മൂന്ന് ഫോറുകൾ പറത്തിയ ഷായെ ഗ്രാൻഡ്ഹോം കീപ്പർ ലതാമിന്റെ കൈയിലെത്തിക്കുകയായിരുന്നു.. നാല് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ മായാങ്കും കൂടാരം കയറി. 31 പന്തുകളിൽ ആറ് ഫോറുകൾ പായിച്ച മായാങ്കിനെ സൗത്തിയുടെ പന്തിൽ ബ്ളൻഡേൽ പിടികൂടുകയായിരുന്നു.
ഒൻപതാം ഒാവറിൽ 54/2 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച വിരാടും രാഹുലും ചേർന്നാണ് ഇന്നിംഗ്സിന് നട്ടെല്ലായത്. 102 റൺസാണ് 29-ാം ഒാവർവരെ ക്രീസിൽ നിന്ന് ഇൗ സഖ്യം കൂട്ടിച്ചേർത്തത്. 63 പന്തുകളിൽ 6 ബൗണ്ടറികളടക്കം 51 റൺസടിച്ച കൊഹ്‌ലി ഇഷ് സോധിയടെ കിടിലൻ ഗൂഗ്ളിയിൽ ക്ളീൻ ബൗൾഡായപ്പോൾ ഇറങ്ങിയ രാഹുൽ ട്വന്റി 20 യിലെ ഫോമിന്റെ തുടർച്ചപോലെ ബാറ്റ് ചെയ്തു. 46-ാം ഒാവറിലാണ് ശ്രേയസ് സെഞ്ച്വറി തികച്ച് പുറത്തായത്. തന്റെ 16-ാം ഏകദിനത്തിലായിരുന്നു ശ്രേയസിന്റെ കന്നി സെഞ്ച്വറി. 107 പന്തുകൾ നേരിട്ട് 11 ഫോറുകളും ഒരു സിക്സും പറത്തിയ ശ്രേയസ് സൗത്തിയുടെ പന്തിൽ സാന്റ്‌നർക്കാണ് ക്യാച്ച് നൽകിയത്. 136 റൺസാണ് രാഹുൽ ശ്രേയസ് സഖ്യം നാലാംവിക്കറ്റിൽ കൂട്ടിച്ചേർത്തത്. തുടർന്നിറങ്ങിയ കേദാർ 15 പന്തുകളിൽ 26 റൺസ് നേടിയപ്പോൾ 64 പന്തുകളിൽ മൂന്ന് ഫോറും ആറ് സിക്സും പറത്തി നേടിയ രാഹുൽ പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ കിവീസിന് വേണ്ടി ഒാപ്പണർമാരായ ഗപ്ടിലും (32) നിക്കോൾസും ശ്രദ്ധയോടെ തുടങ്ങി. 16-ാം ഒാവറിൽ ടീം സ്കോർ 85 ലെത്തിച്ചശേഷമാണ് ഗപ്ടിൽ പുറത്തായത്. തുടർന്നിറങ്ങിയ ബ്ളൻഡേലിനെ (9) കുൽദീപിന്റെ പന്തിൽ രാഹുൽ സ്റ്റംപ് ചെയ്തപ്പോൾ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷയുണ്ടായി. എന്നാൽ നാലാമനായി എത്തിയ ടെയ്‌ലർ നിലയുറപ്പിച്ചത് കാര്യങ്ങൾ തകിടം മറിച്ചു. നിക്കോൾസ് ടെയ്‌ലർക്കൊപ്പം 62 റൺസ് കൂട്ടിച്ചേർത്ത ശേഷം റൺ ഒൗട്ടായപ്പോൾ കിവീസ് 171/3 എന്ന നിലയിലായിരുന്നു.
നായകന്റെ ഉത്തരവാദിത്വവുമായി എത്തിയ ലതാം പിന്നീട് ടെയ്‌ലർക്കൊപ്പം തകർത്താടിയപ്പോൾ വിജയം ഇന്ത്യയിൽ നിന്നകന്നുപോയി. 42-ാം ഒാവറിൽ ടീമിനെ 309 ലെത്തിച്ചശേഷമാണ് ലതാം കളംവിട്ടത്. 48 പന്തുകളിൽ എട്ട് ഫോറും രണ്ട് സിക്സുമടക്കം 68 റൺസ് നേടിയ ലതാം ടെയ്‌ലർക്കൊപ്പം 138 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. ലതാമിന് പിന്നാലെ നിഷം (9), ഗ്രാൻഡ് ഹോം എന്നിവർ പുറത്തായപ്പോൾ ട്വന്റി 20 കളിലേതുപോലെ അവസാന ഒാവറുകളിൽഇന്ത്യയ്ക്ക് വിജയം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടായി. പക്ഷെ ടെയ്‌ലറുടെ സാന്നിദ്ധ്യം അതിന് വിലങ്ങുതടിയായി. 84 പന്തുകൾ നേരിട്ട ടെയ്‌ലർ 10 ഫോറും നാല് സിക്സും പറത്തിയാണ് മാൻ ഒഫ് ദ മാച്ചായത്.
795
റൺസാണ് ഇന്നലെ ഇരുടീമുകളും ചേർന്ന് ഹാമിൽട്ടണിൽ അടിച്ചുകൂട്ടിയത്.
2
ഇന്ത്യയ്ക്കെതിരെ ഒരു ടീം ചേസ് ചെയ്ത് നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2019 ൽ ആസ്ട്രേലിയ മൊഹാലിയിൽ ഇന്ത്യ ഉയർത്തിയ 359 ചേസ് ചെയ്തിരുന്നു.
5
2014 നു ശേഷം കിവീസിന്റെ ചേസിംഗ് വിജയങ്ങളിൽ റോസ് ടെയ്‌ലർ നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണിത്.
1
ശ്രേയസ് അയ്യരുടെ ഏകദിന കരിയറിലെ ആദ്യസെഞ്ച്വറി.16 ഏകദിനങ്ങൾ കളിച്ച ശ്രേയസ് ആറ് അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
58
ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ
ഏകദിന അർദ്ധസെഞ്ച്വറികളുടെ എണ്ണം.
369
ഇന്നലെ ഇരുടീമുകൾക്കുമായി നാലാം നമ്പർ പ്രൊസിഷനിൽ ബാറ്റ് ചെയ്യാനിറങ്ങിയ ശ്രേയസും റോസ് ടെയ്‌ലറും അഞ്ചാം നമ്പരിലിറങ്ങിയ കെ.എൽ. രാഹുൽ ടോം ലതാമും ചേർന്ന് അടിച്ചുകൂട്ടിയ റൺസ്. നാല്, അഞ്ച്, നമ്പരുകളിലെ ബാറ്റ്സ്‌മാൻമാരാണ് ഇരുടീമുകൾക്കും കൂറ്റൻ സ്കോർ ഉയർത്താൻ വഴിയൊരുക്കിയത്.
84
റൺസാണ് 10 ഒാവറുകളിൽ കുൽദീപ് വിട്ടുകൊടുത്തത്.കുൽദീപിന്റെ
ഏകദിനത്തിലെ ഏറ്റവും മോശം പ്രകടനമാണിത്.
348
കിവീസിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന ചേസിംഗ് വിജയമാണിത്.
മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനായതും താളം നിലനിറുത്താനായതുമാണ് വിജയത്തിന് വഴിയൊരുക്കിയത്.
ടോം ലതാം
കിവീസ് ക്യാപ്ടൻ
ന്യൂസിലൻഡിന്റേത് അസമാന്യ ചേസിംഗായിരുന്നു. 348 പ്രതിരോധിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. പക്ഷേ ,ടെയ്‌ലറും ലതാമും ചേർന്ന് മത്സരത്തിന്റെ തലവര മാറ്റിക്കളഞ്ഞു.
വിരാട് കൊഹ്‌ലി
ഇന്ത്യൻ ക്യാപ്ടൻ
8
മത്സരങ്ങൾ തുടച്ചയായി തോറ്റ ശേഷമാണ് കിവീസ് ഒരു വിജയം നേടുന്നത്. ഇന്ത്യയ്ക്കെതിരെ ട്വന്റി 20 യിൽ അഞ്ചുകളി തോൽക്കുന്നതിനുമുമ്പ് ആസ്ട്രേലിയോട് മൂന്ന് ടെസ്റ്റുകൾ തുടർച്ചയായി തോറ്റിരുന്നു.
ഗാംഗുലിയെ കടന്ന് കൊഹ‌്ലി
ക്യാപ്ടനെന്ന നിലയിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയിരുന്ന സൗരവ് ഗാംഗുലിയുടെ റെക്കാഡ് പഴങ്കഥയാക്കി വിരാട് കൊഹ്‌ലി . ഇന്ത്യയെ നയിച്ച 148 ഏകദിനങ്ങളിൽ നിന്ന് സൗരവ് 5082 റൺസാണ് നേടിയിരുന്നത്. കൊഹ്‌ലി ഇന്നലെ തന്റെ ക്യാപ്ടനായുള്ള 87 ാം മത്സരത്തിൽ 5123 റൺസിലെത്തി.
സൂപ്പർമാനായി കൊഹ്‌ലി
കിവീസ് ബാറ്റ്സ്മാൻ ഹെൻട്രി നിക്കോൾസി നെ പുറത്താക്കാൻ ഇന്ത്യ ക്യാപ്ടൻ വിരാട് കൊഹ്‌ലി നടത്തിയ റൺ ഒൗട്ട് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായി. കിവീസ് ഇന്നിംഗ്സിലെ 29-ാം ഒാവറിലാണ് ഷോർട്ട് എക്സ്ട്രാ കവറിൽ പറന്ന് പന്തുപിടിച്ച് വായുവിൽ നിന്നുതന്നെ സ്റ്റംപ് എറിഞ്ഞിട്ടത്.
ടോമിന്റെ പിന്തുണയാണ് എന്റെ മേലുണ്ടായിരുന്ന സമ്മർദ്ദം കുറച്ചത്. എനിക്കേറെ പ്രിയപ്പെട്ട ഹാമിൽട്ടണിൽ ഇങ്ങനെയൊരു വിജയത്തിന് വഴിയൊരുക്കാനായതിൽ സന്തോഷമുണ്ട്.
റോസ് ടെയ്‌ലർ
21 റോസ് ടെയ്‌ലറുടെ ഏകദിന സെഞ്ച്വറികളുടെ എണ്ണം.