ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ കാളിയൂട്ടിന് തുടക്കം കുറിക്കുന്ന കുറി കുറിക്കൽ ചടങ്ങ് ഇന്നലെ രാവിലെ 8നും 8.30നുമിടയ്ക്ക് നടന്നു. മേൽശാന്തി വടക്കേമഠം രാജഗോപാലൻ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിള്ളക്കാരണവർ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ് പേടികുളം സരസ്വതി ഭവനിൽ ജി.ജയകുമാർ, താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കൊച്ചുനാരായണപിള്ളയുടെ മകൻ ഉണ്ണികൃഷ്ണന് കൈമാറിയായിരുന്നു കുറികുറിക്കൽ ചടങ്ങ് . ഇതോടെ 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾ ആരംഭിക്കുകയായി.
കാളീനാടകത്തിലെ രംഗങ്ങൾ അരങ്ങേറുന്നത് അത്താഴ ശീവേലിക്ക് ശേഷം ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിലാണ്. ശ്രീകോവിലിൽ നിന്നു തുള്ളൽപ്പുരയിലെ നിലവിളക്കിലേക്ക് ദേവീ ചൈതന്യത്തെ ആവാഹിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കാളിയൂട്ടിലെ ആദ്യ ദിനമായ ഇന്നലെ വെള്ളാട്ടം കളി അരങ്ങേറി. ദേവിയെ കൃഷിക്കാർ വെളളമുണ്ട് വീശി ക്ഷീണമകറ്റുന്നതാണ് ഇതിലെ സങ്കല്പം. പൊന്നറകുടുംബത്തിലെ എട്ട് പേർ താളത്തിൽ ചുവട് വച്ചാണ് വെളളാട്ടം കളി. വെളള വസ്ത്രം ധരിച്ച് തലയിൽ തോർത്ത് കെട്ടി കരടികയുടെയും ചേങ്ങിലയുടെയും താളത്തോടെ നടത്തുന്ന നൃത്തരൂപമാണ് വെളളാട്ടം കളി. ഒപ്പം ദേവീ സ്തുതികൾ പാടി കഥ പറയുന്നു. കുറികുറിക്കൽ ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എസ്.വിജയകുമാർ, എൻ.അജയകുമാർ, ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എം.ഗോപകുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജെസി, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാം ദിനമായ ഇന്ന് കുരുത്തോലയാട്ടവും പഴങ്കഥപറച്ചിലും നടക്കും. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനായി കുരുത്തോല തുള്ളൽ നടത്തുന്നു എന്നാണ് പറയപ്പെടുന്നത്. കുരുത്തോല കൈത്തണ്ടയിലണിഞ്ഞ് രണ്ടുപേർ ചുവടുവച്ച് പഴങ്കഥ പറഞ്ഞ് ആടിപ്പാടിയാണ് ഇത് അവതരിപ്പിക്കുക.
ഫോട്ടോ: ശാർക്കര കാളിയൂട്ടിന് തുടക്കം കുറിച്ച് ഇന്നലെ രാവിലെ നടന്ന കുറികുറിക്കൽ