ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന്റ നാലാം ദിവസമായ ഇന്ന് ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപുരയിൽ നായർ പുറപ്പാട് അരങ്ങേറും. അന്യദേശത്ത് നിന്ന് സ്വഭാവദൂഷ്യം കൊണ്ട് നാടുവിടേണ്ടി വന്ന നായർ ശാർക്കരയിൽ എത്തുന്നു. നാട്ടുകാരിൽ നിന്ന് കാളിയൂട്ട് വിശേഷമറിഞ്ഞെത്തി തുള്ളൽപുരയുടെ സൂക്ഷിപ്പുകാരനാകുന്നു. സമീപത്തെ ദേവദാസിയുമായി പരിചയത്തിലാകുന്ന ഇയാൾ പഴയ സ്വഭാവ ദൂഷ്യങ്ങളെല്ലാം പുറത്തെടുക്കുന്നു. ദേവദാസിയാകട്ടെ പണം തട്ടിയെടുക്കാനാണ് വേണ്ടിയാണ് സ്നേഹം നടിച്ചത്. അനുഭവങ്ങളിലൂടെ പാഠം പഠിക്കാത്ത മനുഷ്യരുടെ ദുർവിധി ഇന്നത്തെ കഥയിൽ വർണിക്കുന്നുണ്ട്. കറുത്തതാടിയും ഉടുത്തുകെട്ടും കൂർത്ത തൊപ്പിയും ധരിച്ച വേഷക്കാരനും വെളുത്ത തലക്കെട്ടോടെ കൈയിൽ വടിയും പിടിച്ചുനിൽക്കുന്ന ചോദ്യക്കാരനുമാണ് കാളീനാടകത്തിൽ ഇന്ന് അരങ്ങിലെത്തുന്നത്.