coronavirus

തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഭീതി സംസ്ഥാനത്തുനിന്ന് അകലന്നു. തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ സ്വീകരിച്ച മുൻകരുതലുകൾ ഫലപ്രദമായെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. എന്നാൽ,​ ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി 2528പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2435പേർ വീടുകളിലും 93പേർ ആശുപത്രികളിലുമാണ്. സംശയാസ്‌പദമായവരുടെ 223 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 193സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. നേരത്തെ പോസിറ്റീവായ മൂന്ന് പേരുടെയും നില മെച്ചപ്പെട്ടതായും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചൈനക്കാരായ മൂന്നു പേർ നിരീക്ഷണത്തിലാണ്. രണ്ട് പേർ എറണാകുളത്ത് ഹോം സ്റ്റേകളിലും ഒരാൾ തിരുവനന്തപുരത്ത് ആശുപത്രിയിലുമാണ്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.

ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുന്നതിനായി മത,സാമുദായിക നേതാക്കളുടെ യോഗം വിളിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി. നിപ്പ വൈറസ് ബാധയുടെ ഘട്ടത്തിൽ മതപരമായ ചില ചടങ്ങുകളിലൂടെ വൈറസ് ബാധ പടരാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇത് ഫലപ്രദമായിരുന്നു.

വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ഫോണിലൂടെ ബന്ധപ്പെട്ട് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയിലൂടെ വിലയിരുത്തി. 84ശതമാനം പേരും വീട്ടിലെ നിരീക്ഷണത്തിൽ തൃപ്തരാണ്.

കുട്ടികളെ ഉടൻ മടക്കില്ല

ചൈനയിലെ ചില യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുന്നുവെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മടക്കി അയയ്ക്കാൻ സാധിക്കില്ല. പരീക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിലെ ആശങ്കയാണ് വിദ്യാർത്ഥികൾക്കുള്ളത്.

വിഷയം കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും നോർക്കയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ കാലാവധി തീരുന്നതുവരെ കുട്ടികൾക്ക് ഇളവ് നൽകണമെന്ന് ചൈനയിലെ സർവകലാശാലകളോട് അഭ്യർത്ഥിക്കണമെന്ന് കേന്ദ്ര മന്ത്രിയോടു ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.