coronavirus

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി സമീപിച്ച ചൈനക്കാരനെ പൊലീസ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സി​റ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയ ജിഷോയു ഷാഓയെയാണ് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. 25 വയസുള്ള ഇയാൾക്ക് രോഗലക്ഷണങ്ങളില്ല. ശരീര സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം വരുന്നതുവരെ ഐസൊലേഷൻ വാർഡിൽ പാർപ്പിക്കും. ഈ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചു. ജനുവരി 23ന് ഡൽഹിയിലെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിയത്. താമസിക്കാൻ മുറി അന്വേഷിച്ച് ഹോട്ടലുകൾ കയറിയിറങ്ങിയെങ്കിലും ചൈനക്കാരനായതിനാൽ നൽകിയില്ല. തുടർന്ന്‌ സഹായം അഭ്യർത്ഥിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് ആരോഗ്യവകുപ്പ് അധികൃതരെയും ജില്ലാ കളക്ടറെയും വിവരം അറിയിച്ചു. ഡി.എം.ഒയുടെ നിർദ്ദേശം അനുസരിച്ചാണ് ഐസൊലേഷൻ വാർഡിലേക്ക് മാ​റ്റിയത്.