കൊല്ലം: മരത്തിൽ കയറി ഉടുമുണ്ട് കഴുത്തിൽ കുരുക്കിട്ടശേഷം താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. തൃക്കോവിൽവട്ടം അഖിൽ നിവാസിൽ ഓമനക്കുട്ടൻപിള്ളയുടെ മകൻ വിനോദാണ് (24) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.35 ഓടെ ഡീസന്റ് ജംഗ്ഷന് സമീപമുള്ള കോടാലിമുക്കിലായിരുന്നു ആത്മഹത്യാ ശ്രമം. കൂട്ടുകാർക്കൊപ്പം കടയിൽ വെള്ളം കുടിച്ചുകൊണ്ടിരുന്ന വിനോദ് പത്ത് മണിയോടെ ജംഗ്ഷനിലുള്ള പ്ലാവിന് മുകളിലേക്ക് കയറുകയായിരുന്നു. 15 അടിയോളം ഉയരത്തിൽ കയറിയ ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. പത്തരയോടെ ഫയർഫോഴ്സ് എത്തിയെങ്കിലും മരത്തിന് സമീപത്ത് കൂടി ഇലക്ട്രിക് ലൈൻ കടന്നുപോകുന്നതിനാൽ വല വിരിക്കാനായില്ല. ഇതിനിടെ സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിനോദ് കഴുത്തിൽ മുണ്ടുകൊണ്ട് കുരുക്കിട്ട ശേഷം താഴേക്ക് ചാടി. കഴുത്ത് മുറുകി അവശനിലയിലായ വിനോദിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ താഴെയിറക്കിയ ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30 ഓടെ മരിച്ചു.

അമ്മ രമാദേവി, സഹോദരൻ: അഖിൽ.