corona-sports
corona sports

ന്യൂഡൽഹി : ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന്പടരുന്ന കൊറോണ വൈറസ് കായിക ലോകത്തെയും ആശങ്കയിലാഴ്ത്തുന്നു. ചൈനയിൽ നടക്കേണ്ടിയിരുന്ന പല അന്താരാഷ്ട്ര മത്സരങ്ങളും ഇതിനകം തന്നെ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇൗവർഷം ചൈനയ്ക്ക് അടുത്തുള്ള ജപ്പാനിൽ ഒളിമ്പിക്സ് നടക്കേണ്ടതാണ്. വൈറസിനെ ഇനിയും നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഒളിമ്പിക്സിന്റെ നടത്തിപ്പ് പ്രശ്നമാകുമെന്ന് ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി ആശങ്ക അറിയിച്ചുകഴിഞ്ഞു. ഇന്ത്യയടക്കം ഏഷ്യയിലെ പല രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇൗ സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലേക്ക് മത്സരങ്ങൾക്ക് വരാൻ യൂറോപ്പിലുള്ള കായിക താരങ്ങൾ മടിക്കുകയാണ്.

ഫുട്ബാൾ, ടെന്നിസ്, ബാഡ്മിന്റൺ എന്നുവേണ്ട ഏഷ്യയിലെ പ്രധാന കായിക ഇനങ്ങളുടെയൊക്കെ അന്താരാഷ്ട്രതല മത്സരങ്ങൾ ഒളിമ്പിക്സിന് മുമ്പ് നടക്കാനുണ്ട്. ഒളിമ്പിക്സ് സെലക്ഷൻ ട്രയൽസാണ് പലതും.

വൈറസ് മാറ്റിവയ്പ്പിച്ച മത്സരങ്ങൾ

അത്‌ലറ്റിക്സ്

മാർച്ചിൽ ചൈനയിലെ നാർജിംഗിൽ നടക്കേണ്ടിയിരുന്ന ലോക ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അടുത്ത വർഷത്തേക്ക് മാറ്റി. ഹാംഗ്ഷുവിൽ ഇൗമാസം 12ന് തുടങ്ങേണ്ട ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പ് ഉപേക്ഷിച്ചു.

ഫുട്ബാൾ

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ റീഷെഡ്യൂൾ ചെയ്യണമെന്ന് ആസ്ട്രേലിയൻ ക്ളബുകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ചൈനീസ് ക്ളബുകളുടെ താരങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിനെ പല ടീമുകളും ഭയപ്പെടുന്നു. ചതുരാഷ്ട്ര വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് വുഹാനിൽ നിന്ന് ആസ്ട്രേലിയയിലേക്ക് മാറ്റി. ആസ്ട്രേലിയയിലെത്തിയ ചൈനീസ് ദേശീയ ഫുട്ബാൾ ടീമിനെ മാറ്റിപ്പാർപ്പിച്ചി രിക്കുകയാണ്.

ടെന്നിസ്

ഫെഡറേഷൻ കപ്പ് ഏഷ്യ/ഒാഷ്യാനി​യ ഗ്രൂപ്പ് മത്സരങ്ങൾ ചൈനയി​ൽനി​ന്ന് കസാഖി​സ്ഥാനി​ലേക്ക് മാറ്റി​.

ബാഡ്മി​ന്റൺ​

ഇൗമാസം 25ന് തുടങ്ങേണ്ട ചൈന മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് നിരവധി താരങ്ങൾ പിൻമാറി. ടൂർണമെന്റ് മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ഏപ്രിലിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വുഹാനിൽത്തന്നെ നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ബോക്സിംഗ്

വുഹാനിൽ നിശ്ചയിച്ചിരുന്ന ഒളിമ്പിക യോഗ്യതാ മത്സരങ്ങൾ ജോർദാനിലേക്ക് മാറ്റി.

ബാസ്കറ്റ് ബാൾ

ഫിബ ഏഷ്യാകപ്പ് മത്സരം മാറ്റിവച്ചു. ടോക്കിയോ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾ ബെൽഗ്രേഡിലേക്ക് മാറ്റി.

റെസ്‌ലിംഗ്

ചൈനയിൽ നടക്കേണ്ട ഒളിമ്പിക് യോഗ്യതാ മത്സരം ഇന്ത്യയിൽ നടത്താൻ തയ്യാറാണെന്ന് റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഒളിമ്പിക്സിന് ഇനി ആറുമാസം പോലുമില്ല. കൊറോണണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ഇത്രയുംപേർ പങ്കെടുക്കുന്ന കായിക മഹാമഹത്തിന് മുമ്പ് മഹാമാരി നിയന്ത്രിച്ചേ മതിയാകൂ.

ടോഷി റോ മുട്ടോ

സി.ഇ.ഒ, ടോക്കിയോ ഒളിമ്പിക്സ്

ഇന്ത്യൻ കായിക താരങ്ങൾക്ക് കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തും. കായിക താരങ്ങൾ ആരും ഭയപ്പെടേണ്ടതില്ല. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അറിയിക്കണം.

നരീന്ദർ ബത്ര

ഐ.ഒ.എ പ്രസിഡന്റ്.