sports-news
sports news

കേപ്ടൗൺ : തന്റെ നിറമല്ല, കളിക്കളത്തിലെ പ്രകടനമാണ് വിമർശകർ വിലയിരുത്തേണ്ടതെന്ന് ദക്ഷിണാഫ്രിഫൻ ക്രിക്കറ്റർ ടെംപ ബൗമ. കഴിഞ്ഞദിവസം ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 98 റൺസ് നേടി വിജയത്തിൽ ക്വിന്റൺ ഡി കോക്കിനൊപ്പം (107) സുപ്രധാന പങ്കുവഹിച്ച ശേഷമാണ് ബൗമ ഇക്കാര്യം പറഞ്ഞത്.

കറുത്തവർഗക്കാരായ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തണമെന്ന നിയമമുള്ളതുകൊണ്ടാണ് ബൗമയെ കളിപ്പിക്കുന്നതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെയായിരുന്നു താരത്തിന്റെ രോഷപ്രകടനം. മത്സരത്തിൽ ഇംഗ്ളണ്ട് ഉയർത്തിയ 258/8 എന്ന സ്കോർ 47.4 ഒാവറിൽ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വീണ്ടുംപിഴ

ഹാമിൽട്ടൺ : ന്യൂസിലൻഡിനെതിരായ അവസാന രണ്ട് ട്വന്റി 20 കളിൽ കുറഞ്ഞ ഒാവർ നിരക്കിന് പിഴ ഏറ്റുവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആദ്യ ഏകദിനത്തിലും അതേവിധി. ഇന്നലെ നിശ്ചിത സമയത്ത് ഇന്ത്യ നാലോവർ കൂടി പൂർത്തിയാക്കാനുണ്ടായിരുന്നു. മാച്ച് ഫീയുടെ 80 ശതമാനമാണ് ഇന്ത്യൻ കളിക്കാർ പിഴയായി നൽകേണ്ടത്.

കേൻ ഏപ്രിലിൽ തിരിച്ചെത്തിയേക്കും

ലണ്ടൻ : പുതുവർഷ ദിനത്തിൽ സതാംപ്ടണിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശമിക്കുന്ന ടോട്ടൻ ഹാം ഫുട്ബാൾ ക്ളബിന്റെ സ്ട്രൈക്കർ ഹാരി കേൻ ഏപ്രിലോടെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ ഹൊസെ മൗറീന്യോ അറിയിച്ചു. നേരത്തെ കേനിന് ആറുമാസത്തെ വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

വാക്കുകൾകൊണ്ട് ഏറ്റുമുട്ടി മെസിയും അബിദാലും

ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസിയും സ്പോർട്ടിംഗ് ഡയറക്ടറും മുൻ താരവുമായ എറിക് അബിദാലും തമ്മിലുള്ള വാക്കുതർക്കം ബാഴ്സലോണ ഫുട്ബാൾ ക്ളബിന് തലവേദനയാകുന്നു. പഴയ കോച്ച് ഏണസ്റ്റോ വാൽവെർദെയ്ക്ക് കീഴിൽ ചില താരങ്ങൾ പണിയെടുക്കുന്നില്ലായിരുന്നു എന്ന അബിദാലിന്റെ വിമർശനമാണ് മെസിയെ ചൊടിപ്പിച്ചത്. ഒരു അഭിമുഖത്തിലാണ് മെസിയുടെ സഹതാരമായിരുന്ന അബിദാൽ ഇങ്ങനെ പറഞ്ഞത്. ഇതോടെ ആരാണ് മനപൂർവം ഉഴപ്പിയതെന്ന് പേരെടുത്ത് പറയണം, അല്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് മെസി ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. ഇരുവരും തമ്മിലുള്ള തർക്കം തീർക്കാൻ ക്ളബ് അധികൃതർ ഇടപെടുന്നുണ്ട്.