തിരുവനന്തപുരം: നഗരത്തിലെ നിരവധി വാർഡുകളിൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭ കനത്ത ജാഗ്രതയിൽ. ഡെങ്കിപ്പനിയും മറ്റുപകർച്ചപനികളും ബാധിച്ചാണ് ആളുകൾ ആശുപത്രിയിൽ ചികിത്സതേടിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പനിബാധിതരെ പ്രത്യേകം നിരീക്ഷിക്കാൻ നടപടി തുടങ്ങി. നഗരത്തിൽ പനി പടരാതിരിക്കാൻ പ്രത്യേക കർമ്മപദ്ധതിക്കും നഗരസഭ രൂപം നൽകി. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭയിൽ മേയർ കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊറോണ വൈറസ് ടെക്‌നിക്കൽ സെൽ ആർ.സി.എച്ച് ഓഫീസർ ഡോ. ദിവ്യ പ്രസന്റേഷൻ നടത്തി. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത.പി.പി വിശദീകരിച്ചു. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ജനങ്ങൾക്കിടയിലുള്ള ആശങ്കകളും സംശയങ്ങളും അകറ്റുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, ജില്ലാ മെഡിക്കൽ ഓഫീസർ, നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധികൾ, വിദ്യാഭ്യാസം, വെറ്ററിനറി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നഗരസഭ സെക്രട്ടറി, ഹെൽത്ത് ഓഫീസർ, നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.
പ്രവർത്തനങ്ങൾ ഇങ്ങനെ
11മുതൽ 20 വരെ പൊതുജലാശയം, കനാലുകൾ, ഓടകൾ എന്നിവയിലെ
മാലിന്യം തരംതിരിച്ച് നീക്കം ചെയ്യും
20മുതൽ 25 വരെ സർക്കാർ സ്ഥാപനങ്ങൾ, അങ്കണവാടികൾ,സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ചും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും .
25ന് അതാത് വാർഡുകൾ കേന്ദ്രീകരിച്ച് അവലോകന യോഗം
26 മുതൽ പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഉറവിട
നശീകരണ പ്രവർത്തനങ്ങളും ഫോഗിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും
കൂടിക്കിടക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് എം.ആർ.എഫിലും
ആർ.ആർ.സിയിലേക്കും മാറ്റും