തിരുവനന്തപുരം: കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ നേർച്ചപ്പണം തട്ടിയെടുത്ത പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടി. കൊഞ്ചിറവിള സ്കൂളിന് സമീപം ഐശ്വര്യ റസിഡൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (32) പിടിയിലായത്. 2017 മുതൽ 2019 വരെ ക്ഷേത്രത്തിലെ അക്കൗണ്ടന്റായിരുന്ന നിതിൻ ഭക്തരിൽ നിന്നും കാണിക്കയും നേർച്ചപ്പണവും സ്വീകരിച്ച് രസീത് നൽകിയെങ്കിയും ക്ഷേത്ര അക്കൗണ്ടിൽ അടയ്ക്കാതെ പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഉത്സവത്തിനിടെയാണ് കണക്കുകളിലെ കൃത്രിമം കണ്ടെത്തിയത്. ഭരണസമിതി അംഗങ്ങളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോർട്ട് സി.ഐ എ.കെ. ഷെറിയുടെ നേതൃത്വത്തിൽ എസ്.ഐ വിമൽ, സി.പി.ഒമാരായ സമോജ്, പ്രശാന്ത്, സാബു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.