കൊല്ലം: അഞ്ചലിൽ കോഴിക്കടയിലെ ജീവനക്കാരനായ അസാം സ്വദേശി വെട്ടേറ്റ് മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ കഴിയുന്ന പ്രതിയുടെ മൊഴി ഇന്നെടുത്തേക്കും. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ ഐ.സി.യുവിലാണ് ഇപ്പോൾ പ്രതി അബ്ദുൽ അലി (19). കൊല്ലപ്പെട്ട അസാം ഡകർഘട്ട് കുട്ടയാണി സ്വദേശിയായ ജലാലുദ്ദീന്റെ(20) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാവിലെ തന്നെ ജലാലുദ്ദീന്റെ സഹോദരൻ സംഭവ സ്ഥലത്ത് എത്തിയിരുന്നു. പാലോട് ഒരു സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്നതാണ് സഹോദരൻ. ഇന്നലെ രാവിലെ 5.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ചൽ ചന്തമുക്കിന് സമീപത്തെ ഇറച്ചിക്കോഴിക്കടയിലെ ജീവനക്കാരാണ് ബന്ധുക്കളായ ജലാലുദ്ദീനും അബ്ദുൽ അലിയും. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിലാണ് അബ്ദുൽ അലി കോഴിയെ വെട്ടുന്ന കത്തികൊണ്ട് ജലാലുദ്ദീനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
ഇവരുടെ ഒപ്പം മുറിയിലുണ്ടായിരുന്ന രണ്ട് അസാം സ്വദേശികളെയും ഇന്നലെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കൊലപാതകത്തിന്റെ കാരണം ഇവർക്കും അറിയില്ലായിരുന്നു. ഉറക്കത്തിലായിരുന്ന ഇരുവരും ബഹളം കേട്ട് ഉണർന്നപ്പോൾ ജലാലുദ്ദീൻ രക്തത്തിൽ കുളിച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ ഇറച്ചിവെട്ടുന്ന കത്തിയുമായി അബ്ദുൽ അലിയെയും കണ്ടു. അബ്ദുൽ അലി തങ്ങൾക്ക് നേരെ കത്തിയുമായി തിരിഞ്ഞപ്പോൾ ഭയന്ന് പുറത്തേക്ക് ഓടിയെന്നാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫോൺ വിളിയുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്നങ്ങൾ നേരത്തെ നിലനിന്നിരുന്നതായി സൂചന ലഭിച്ചതിനാൽ അബ്ദുൽ അലിയുടെയും ജലാലുദ്ദീന്റെയും ഫോൺ രേഖകൾ എടുക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്ന അബ്ദുൽ അലിയെ കാണാനായി ഇന്ന് പിതാവ് അസാമിൽ നിന്ന് എത്തുമെന്നാണ് വിവരം.