ഏവരും തിരിഞ്ഞു നോക്കി.
ഏറ്റവും പിറകിൽ കിടന്നിരുന്ന കാറിനു പിന്നിൽ പോലീസിന്റെ ബൊലേറോ ബ്രേക്കിട്ടു.
അതിൽനിന്ന് കോന്നി സി.ഐ ഇഗ്‌നേഷ്യസും പോലീസുകാരും ഇറങ്ങി.
''അങ്ങോട്ട് മാറ്."
ജനങ്ങൾക്കും വാഹനങ്ങൾക്കും ഇടയിലൂടെ അവർ മുന്നോട്ടു വന്നു.
സിദ്ധാർത്ഥ് സി.ഐയുടെ മുന്നിലെത്തി.
''എന്താടാ?"
പരിചയക്കാരനായ സി.ഐ തിരക്കി.
സിദ്ധാർത്ഥ് കാര്യം പറഞ്ഞു.
ഇഗ്‌നേഷ്യസ് ഓട്ടോയിലേക്കു കുനിഞ്ഞ് മാളവികയോട് ആരാഞ്ഞു.
''നിനക്കറിയാമോ അവരെ?"
''ഇല്ല സാർ..." അവളുടെ മുഖം കുനിഞ്ഞു.
അമർത്തി മൂളിക്കൊണ്ട് സി.ഐ ഇന്നോവയ്ക്കടുത്തെത്തി. കെയിൻകൊണ്ട് ഗ്ളാസിൽ തട്ടി.
ഡ്രൈവർ പവ്വർ വിൻഡോ താഴ്‌ത്തി.
''സാറേ... അവന്മാരെ ഇങ്ങോട്ടെറക്ക്. ഞങ്ങള് കാണട്ട്."
ജനം ഇരച്ചുകൂടി.
പുറത്തിറങ്ങിയാൽ ജനം കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഇഗ്‌നേഷ്യസിനു തർക്കമില്ല.
അയാൾ സിവിൽ പോലീസ് ഓഫീസർ ഗുണശീലനെ വിളിച്ചു.
''വാഹനങ്ങൾ മാറ്റിച്ചിട്ട് നമ്മുടെ വണ്ടി ഇങ്ങോട്ടു കൊണ്ടുവാ."
പോലീസുകാർ ഓട്ടോയും മറ്റു വാഹനങ്ങളും ഒരുഭാഗത്തേക്ക് ഒതുക്കി. പിന്നെ ബൊലേറോ, ഇന്നോവയ്ക്ക് അരികിലേക്കു കൊണ്ടുവന്നു.
ഇഗ്‌നേഷ്യസ് ശബ്ദം താഴ്‌ത്തി സിദ്ധാർത്ഥിനോടു പറഞ്ഞു:
''ഇവന്മാരെ ഞങ്ങളങ്ങ് കൊണ്ടുപോകുകയാ. ഇവിടെവച്ച് ചോദ്യവും പറച്ചിലും ഒന്നും പറ്റില്ല. ജനം കൈവയ്ക്കും. നീ ആ പെണ്ണിനെയും കൊണ്ട് ഞങ്ങളുടെ പിന്നാലെ പോര്."
''അയ്യോ സാർ ഒരു പ്രശ്നമുണ്ട്."
''മ്?" സി.ഐയുടെ നെറ്റി ചുളിഞ്ഞു.
''നാളെ ആ കൊച്ചിന്റെ കല്യാണമാ സാറേ. ചെറുക്കന്റെ വീട്ടുകാർക്ക് കൊടുക്കാനുള്ള സ്‌ത്രീധനത്തുകയാ അവളുടെ കയ്യിൽ ഇരിക്കുന്നത്. ചെറുക്കന്റെ വീട്ടുകാര് അവളുടെ വീട്ടിലുണ്ട്."
സി.ഐ, സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്കു നോക്കി ഒരു നിമിഷം ചിന്തിച്ചുനിന്നു. സിദ്ധാർത്ഥ് ന്യായമായ കാര്യത്തിലേ ഇടപെടൂ എന്ന് ഇഗ്‌നേഷ്യസിനറിയാം.
''എങ്കിൽ ഒരു കാര്യം ചെയ്യ്." സി.ഐ പറഞ്ഞു. ''നീ അവളെ വീട്ടിൽ കൊണ്ടുപോ ആദ്യം. എന്നിട്ട് അവളുടെ വീട്ടുകാരോട് വിവരം പറഞ്ഞിട്ട് അവരെക്കൂടി കൂട്ടിക്കൊണ്ട് സ്റ്റേഷനിലേക്കു പോര്. അവളുടെ സ്റ്റേറ്റ്‌മെന്റ് എടുത്തിട്ട് പെട്ടെന്നു വിട്ടേക്കാം."
സിദ്ധാർത്ഥിനു സന്തോഷമായി.
''അങ്ങനെ ചെയ്യാം സാർ."
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
പോലീസുകാർ ജനങ്ങളുടെ മുന്നിൽ ഒരു മറ തീർത്തുനിന്നുകൊണ്ട് ഇന്നോവയിൽ ഉള്ളവരെ ഓരോരുത്തരെയായി പുറത്തിറക്കി ബൊലോറോയിൽ കയറ്റി.
എന്നിട്ടും ആരോ തള്ളിവന്ന് മൊട്ടത്തലയൻ ഡ്രൈവറുടെ കഴുത്തിന് ഒരടിയടിച്ചു.
കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ജനങ്ങളുടെ കൂക്കുവിളികൾക്കിടയിൽ ബൊലേറോ അവിടെയിട്ടു തിരിച്ചു.
അറസ്റ്റിലായ നാലുപേരും പകയോടെ തന്നെ നോക്കുന്നത് സിദ്ധാർത്ഥ് കണ്ടു. അത് അവൻ അവഗണിച്ചു. എന്നാൽ പോലീസ് കസ്റ്റഡിയിൽ ആയവർക്ക് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല.
ബൊലേറോയ്ക്കു പിന്നാലെ പോലീസ് ഇന്നോവയും കൊണ്ടുപോയി.
''ഞങ്ങള് വരണോടാ ഇവളെ കൊണ്ടുവിടാൻ?"
മീറ്റർ ചാണ്ടി സിദ്ധാർത്ഥിന്റെ അടുത്തെത്തി.
വേണ്ടെന്ന ഭാവത്തിൽ അവൻ തലയാട്ടി.
''എല്ലാവരും കൂടി ചെന്നാൽ ഇവളുടെ വീട്ടുകാർ പരിഭ്രമിക്കും. മാത്രമല്ല ഇവളെ കെട്ടാൻ പോകുന്ന ചെറുക്കന്റെ ആളുകൾ അവിടെയുണ്ട്. അവർക്കും വേണ്ടാത്ത സംശയമാകും. നിങ്ങള് പൊയ്‌ക്കോ. നാല് ഓട്ടം കിട്ടേണ്ട സമയമായി."
''എന്നാലങ്ങനെ. വൈകിട്ടു കാണണം."
ഡ്രൈവർമാർ യാത്ര പറഞ്ഞ് പോയി.
സിദ്ധാർത്ഥ് 'മഹിമാമണി'യിലേക്കു കയറി. ചുറ്റുമുണ്ടായിരുന്ന ജനങ്ങൾ അകന്നുമാറി.
അല്പംകൂടി മുന്നോട്ടു ചെന്ന ഓട്ടോ ഒരു റബ്ബർ തോട്ടത്തിനു നടുവിലെ വഴിയിലൂടെ ചെറിയ കയറ്റം കയറിത്തുടങ്ങി.
ഇടയ്ക്ക് സിദ്ധാർത്ഥ് ഒന്നു തിരിഞ്ഞുനോക്കി.
മാളവിക കണ്ണടച്ച് പിന്നിലേക്കു ചാരിയിരിക്കുകയാണ്. കപോലങ്ങളിൽ നനവു കാണാം.
''മുഖമൊന്നു തുടച്ചോ. തന്റെ ഭാവിഭർത്താവിന്റെ വീട്ടുകാർക്ക് വെറുതെ സംശയത്തിന് ഇട കൊടുക്കണ്ടാ."
മാളവിക ചുരിദാറിന്റെ ഷാൾ ഉയർത്തി മുഖം തുടച്ചു.
''അവര് തന്റെ കയ്യിലിരുന്ന പണം തട്ടിയെടുക്കാൻ വന്നതാവും. അല്ലേ? പക്ഷേ, അതിന് തന്നെ കൊണ്ടുപോകുവാൻ ശ്രമിക്കേണ്ട കാര്യമെന്താ?"
സിദ്ധാർത്ഥ് ചോദിക്കുമ്പോഴേക്കും അവൾ പറഞ്ഞു.
''അതാണ് എന്റെ വീട്."
സിദ്ധാർത്ഥ് കണ്ടു, ഒരു ചെറിയ വീട്. അതിനു മുന്നിൽ ഒരു ചെറിയ പന്തൽ.
''വിവാഹം ആഡിറ്റോറിയത്തിൽ വച്ചായിരിക്കും അല്ലേ?"
''ഉം." അൾ മൂളി. 'തെങ്ങുംകാവിലെ ഹാളിൽ.
ഓട്ടോ നിന്നു.
പന്തലിനു കീഴിൽ ഏതാനും പേർ ഗൗരവമായ ചർച്ചയിലായിരുന്നു. വേറെ വാഹനങ്ങളൊന്നും അവിടെ കണ്ടില്ല.
ഓട്ടോ നിൽക്കുന്നതുകണ്ട് അവിടെ ഉണ്ടായിരുന്നവർ തിരിഞ്ഞു.
മാളവികയെ കണ്ടതും അവരുടെ മുഖത്ത് ഒരു ഭാവമാറ്റം.
''എത്ര രൂപയാ?" മാളവിക, സിദ്ധാർത്ഥിനോടു തിരക്കി.
''അത് പിന്നെ പറയാം. നമുക്ക് സ്റ്റേഷനിൽ പോകണ്ടേ?"
''ഞാൻ വരുന്നില്ല.."
ഇപ്പോൾ സിദ്ധാർത്ഥ് അമ്പരന്നു.
''അതെന്താ?"
മറുപടി പറയാതെ അവൾ ഇരുനൂറു രൂപയുടെ ഒരു നോട്ട് അവന്റെ മടിയിലേക്കു വച്ചു.
പിന്നെ ഇറങ്ങി ഒരോട്ടം!
(തുടരും)