''ഏയ്..."
സിദ്ധാർത്ഥ് ആ രൂപയെടുത്തുകൊണ്ട് അമ്പരപ്പിൽ മാളവികയെ വിളിച്ചു.
എന്നാൽ അവൾ തിരിഞ്ഞു നോക്കിയതു കൂടിയില്ല.
ഒരു നിമിഷം സിദ്ധാർത്ഥ് സ്തബ്ധനായി.
മാളവിക പന്തലിൽ നിൽക്കുന്നവരോട് എന്തോ ചോദിക്കുന്നതും പിന്നെ ശീഘ്രം അകത്തേക്കോടുന്നതും അവൻ കണ്ടു.
മാളവികയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചാലേ മതിയാകൂ എന്ന് സിദ്ധാർത്ഥിനറിയാം. താൻ സി.ഐയ്ക്കു വാക്കുകൊടുത്തതാണ്.
അത് മാത്രമല്ല പോലീസ് സംഘത്തെ വിളിച്ചുവരുത്തിയതും താനാണ്. തന്റെ ഓട്ടോയിൽ സഞ്ചരിച്ച ഒരാൾക്ക് അപകടമുണ്ടായപ്പോൾ അങ്ങനെ ചെയ്യേണ്ടത് തന്റെ കടമയും ആയിരുന്നു.
പക്ഷേ, മാളവിക വരുന്നില്ല എന്നു പറഞ്ഞാൽ...
സാധാരണ ഏതൊരു പെണ്ണും പോലീസിൽ കംപ്ളയിന്റു ചെയ്യാതെ പിന്മാറില്ല. നാളെ ഇവളുടെ വിവാഹമാണെങ്കിലും അങ്ങനെ ചെയ്യാതിരിക്കാനാവില്ല.
സിദ്ധാർത്ഥ് മെല്ലെ പന്തലിലേക്കു ചെന്നു.
അവിടെ അടക്കം പറഞ്ഞുകൊണ്ടിരുന്നവർ പെട്ടെന്ന് അതു നിർത്തി അവനെ നോക്കി.
''അവള്... മാളവിക ഇത്ര താമസിച്ചതെന്താ?"
ഒരാൾ സിദ്ധാർത്ഥിനെ ചുഴിഞ്ഞു ശ്രദ്ധിച്ചു.
''എനിക്കറിയില്ല. കോന്നി സ്റ്റാന്റിൽ വന്ന് ആ കുട്ടി ഓട്ടം വിളിച്ചു. ഞാൻ കൊണ്ടുപോന്നു. പിന്നെ ആനക്കൂടിന് അപ്പുറത്തുവച്ച് ചിലർ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു, അവിടെയൊരു പതിനഞ്ചു മിനിട്ടു താമസിച്ചുകാണും."
അല്പനേരത്തേക്ക് ആരും സംസാരിച്ചില്ല.
''നിങ്ങള് ചെറുക്കൻകൂട്ടരാണോ?" സിദ്ധാർത്ഥ് മൗനം മുറിച്ചു.
''അല്ല. അയൽക്കാരാ. ചെറുക്കന്റെ ആൾക്കാരൊക്കെ വന്നിട്ട് പുടവ പോലും ഇവിടെ ഏൽപ്പിക്കാതെ തിരിച്ചുപോയി. നാളത്തെ വിവാഹം നടക്കില്ല."
അയാൾ പറഞ്ഞതുകേട്ട് സിദ്ധാർത്ഥിന്റെ ഉള്ളു കിടുങ്ങി.
സ്വന്തം സ്ത്രീധനവുമായി പാഞ്ഞുവന്ന പെണ്ണ്! മാളവികയ്ക്ക് ഇതെങ്ങനെ ഉൾക്കൊള്ളുവാൻ സാധിക്കും?
ചിന്തയോടെ അവൻ പന്തലിൽ നിരത്തിയിരുന്ന ഒരു കസേരയിൽ ഇരുന്നു. ശേഷം അയൽക്കാരോടു ചോദിച്ചു.
''ഒരു കല്യാണം മുടങ്ങുക എന്നുപറഞ്ഞാൽ... ഇവിടെയുണ്ടാകുന്നത് മാനക്കേടു മാത്രമല്ലല്ലോ. എല്ലാം ഒരുക്കിയതിന്റെ ധനനഷ്ടം. സമയനഷ്ടം. നിങ്ങൾക്കൊക്കെ വരന്റെ വീട്ടുകാരുമായി സംസാരിക്കാമായിരുന്നില്ലേ?"
അയൽക്കാരുടെ മുഖത്ത് ഒരു പുച്ഛച്ചിരി പടർന്നു.
''നാറ്റക്കേസ് ആയിടത്ത് ഞങ്ങൾക്ക് എന്തുപറയാൻ കഴിയും സുഹൃത്തേ. അവർക്ക് ആരോ ഫോൺ ചെയ്തുപോലും! പെണ്ണ് ദുർനടപ്പുകാരിയാണെന്ന്. ഇന്നുപോലും അതിനു പോയേക്കുകയാണെന്ന്."
ചുറ്റും നോക്കിക്കൊണ്ടാണ് അയൽക്കാരൻ പറഞ്ഞത്.
സിദ്ധാർത്ഥിനു വല്ലായ്മ തോന്നി. എങ്കിലും അതു വിശ്വസിക്കുവാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല.
മാളവികയെ കണ്ടാൽ ഒരിക്കലും അങ്ങനെ തോന്നില്ല. എത്രയോ തരക്കാർ തന്റെ ഓട്ടോയിൽ സഞ്ചരിച്ചിട്ടുണ്ട്? അവരൊക്കെ എത്തരക്കാരാണെന്ന് ഒറ്റ നോട്ടത്തിൽ തനിക്കു മനസ്സിലാക്കാൻ കഴിയും.
മാത്രമല്ല മാളവിക അത്തരത്തിലുള്ള ഒരു പെണ്ണായിരുന്നെങ്കിൽ എവിടെയെങ്കിലും വച്ച് തങ്ങൾ ഓട്ടോ ഡ്രൈവർമാർ കാണാതിരിക്കില്ല.
പോലീസുകാർ പോലും കാണാത്ത കാഴ്ചകൾ കാണുന്നവരാണ് തങ്ങൾ. എന്നാൽ കണ്ടില്ലെന്നു നടിക്കുകയല്ലാതെ ഒന്നിനും പിറകെ പോകില്ലെന്നു മാത്രം.
അല്പസമയം കഴിഞ്ഞു.
അയൽക്കാരൊക്കെ സൂത്രത്തിൽ പിൻവാങ്ങുകയാണ്.
പൊടുന്നനെ വീടിന്റെ വാതിൽക്കൽ മാളവിക തലനീട്ടി നോക്കി.
സിദ്ധാർത്ഥിനെ കണ്ട് കയ്യാട്ടി വിളിച്ചു.
''ഇങ്ങോട്ടൊന്നു വരുമോ ചേട്ടാ?"
സിദ്ധാർത്ഥ് അവിടേക്കു ചെന്നു.
മൂന്നു മുറികളും അടുക്കളയുമുള്ള വീടായിരുന്നു അത്.
ആദ്യത്തെ മുറിയിൽ അൻപതു കഴിഞ്ഞ ഒരു സ്ത്രീ കണ്ണീർ തുടയ്ക്കുന്നു. അവർക്കു ചുറ്റും സമപ്രായക്കാരായ ചില സ്ത്രീകളുമുണ്ട്.
''എന്റെ അമ്മയാ..." മാളവിക അറിയിച്ചു. ചേട്ടനോട് അവരു പറഞ്ഞുകാണുമല്ലോ അല്ലേ? എന്റെ കല്യാണക്കാര്യത്തിൽ ഒരു തീരുമാനമായി..."
അതു പറയുമ്പോൾ മാളവികയുടെ ഒച്ച ഒന്നു ചിലമ്പി. എന്നാൽ പെട്ടെന്ന് അവൾ മുഖത്ത് പ്രസന്നത വരുത്തുവാൻ ശ്രമിച്ചു.
''ചേട്ടൻ വാ... മറ്റൊരാളെ കാണിച്ചുതരാം."
മാളവിക, സിദ്ധാർത്ഥിനെ അടുത്ത മുറിയിലേക്കു കൊണ്ടുപോയി.
അവിടെ മെല്ലിച്ച ഒരു മനുഷ്യൻ കിടന്നിരുന്നു.
അരയ്ക്കു മുകൾ ഭാഗം വരെ ഒരു ബെഡ്‌ഷീറ്റ് പുതപ്പിച്ചിട്ടുണ്ട്. കണ്ണടച്ചു കിടക്കുകയാണ് അയാൾ. എങ്കിലും കവിളിലേക്ക് നനവിന്റെ രണ്ട് രേഖകൾ കാണാം.
''എന്റെ അച്ഛനാ..." മാളവിക മന്ത്രിച്ചു. ആനക്കാരനായിരുന്നു. 'എലിഫന്റ് ഡ്രൈവർ" എന്നു പറഞ്ഞ് ഞാൻ അച്ഛനെ കളിയാക്കുമായിരുന്നു. രണ്ട് വർഷം മുമ്പ് ലോറിയിലേക്ക് തടി തള്ളി വയ്ക്കുകയായിരുന്നു ആന. തടി എങ്ങനെയോ ഒന്നു വഴുതി. ഉരുണ്ടുവീണത് അച്ഛന്റെ ശരീരത്തിലേക്കും ആനയുടെ കാലുകളിലേക്കും..."
മാളവിക ദീർഘമായി ഒന്നു നിശ്വസിച്ചു.
''ആനയുടെ കാലുകൾ ഭദ്രമായി. പക്ഷേ അച്ഛന്റെ നട്ടെല്ല് ഭേദമായില്ല..."
ഒരു കടലോളം സങ്കടം ഉള്ളിൽ വച്ചാണ് അവൾ സംസാരിക്കുന്നതെന്ന് സിദ്ധാർത്ഥ് അറിഞ്ഞു. ഒന്നും പുറത്തു കാണിക്കുന്നില്ല എന്നേയുള്ളു.
''ചേട്ടൻ വാ..."
അവൾ തിരിഞ്ഞു നടന്നു. പിന്നാലെ സിദ്ധാർത്ഥും.
''അച്ഛൻ വീണതോടെ ഞാൻ പഠിത്തം നിർത്തി. ബി.എസ്‌സി ഫസ്റ്റ് ഇയറിൽത്തന്നെ. അമ്മയ്ക്കാണെങ്കിൽ കരയാനും അച്ഛനെ നോക്കാനുമേ നേരമുള്ളു. ഒറ്റ മോളാ ഞാൻ. വാസ്തവത്തിൽ ഈ കല്യാണം നടക്കാത്തത് നന്നായെന്ന് ഇപ്പോൾ ചേട്ടനു തോന്നുന്നില്ലേ? ഞാൻ പോയാൽ പിന്നെ ഇവർക്ക് ആരുണ്ട്?
ചോദിച്ചതും അവളുടെ കണ്ണിൽ നിന്നു രണ്ട് വലിയ കണ്ണീർത്തുള്ളികൾ അടർന്നു.
'മാളവികേ..."
സിദ്ധാർത്ഥിന്റെ ചുണ്ടു വിറച്ചു.
''വേണ്ടാ." അവൾ കൈ ഉയർത്തി.
''സഹതപിക്കല്ലേ..." അവൾ ചിരിച്ചു.
''ഇപ്പോൾ എനിക്ക് പുതിയൊരു പേരു കൂടി ചാർത്തിക്കിട്ടി. ദുർനടപ്പുകാരി...! അഭിസാരിക...!"
അവളുടെ പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞു മുറിയുന്നത് സിദ്ധാർത്ഥ് കേട്ടു.
(തുടരും)