കല്ലമ്പലം: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അപര്യാപ്തതയ്ക്ക് പരിഹാരമായി. നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്. ഗ്രാമീണമേഖലയിൽ നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായ പള്ളിക്കൽ സി.എച്ച്.സിയിൽ ഡോക്ടർമാരുടെ കുറവും, ഉള്ളവർ സമയത്തെത്താത്തതും ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. സ്ഥിരമായി ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബർ 19ന് 'പള്ളിക്കൽ പി.എച്ച്.സിയിൽ ഡോക്ടർമാർ കുറവ്; രോഗികൾ വലയുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് സ്ഥലം എം.എൽ.എ വി. ജോയിയെ നേരിൽകണ്ട് പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. എം.എൽ.എയുടെ കൂടി ഇടപെടലോടെ കഴിഞ്ഞദിവസം മുതൽ ജനറൽ മെഡിസിനിൽ ഒരു ഡോക്ടറെ കൂടി സ്ഥിരമായി നിയമിക്കുകയായിരുന്നു. രണ്ടരമാസം മുൻപ് വനിതാ ഡോക്ടറെ സ്വകാര്യ വ്യക്തി കൈയേറ്റം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഈ ഡോക്ടർ ഇവിടെനിന്ന് സ്ഥലം മാറി പോയി. ഇതോടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റി. പിന്നാലെ ഡോക്ടർമാരിൽ ചിലർ ലീവെടുക്കുന്ന ദിവസങ്ങൾ രോഗികൾ ദുരിതത്തിലായി. കഴിഞ്ഞ മാസം നിരവധി തവണ ഡോക്ടറുടെ അസാന്നിധ്യം മൂലം നൂറിലധികം രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു.
ആശുപത്രിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി അഡ്വ. വി. ജോയി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 2 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അടുത്തിടെയാണ് നടന്നത്. ഇത് പൂർത്തിയാകുന്നതോടെ ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും പതിന്മടങ്ങ് വർദ്ധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ചികിത്സ കിട്ടാതെ രോഗികൾ മടങ്ങുന്നതും നിത്യ സംഭവം
ദിവസവും ചികിത്സ തേടി എത്തുന്നത് - 100 ലേറെ രോഗികൾ
ജീവിതശൈലീ രോഗങ്ങളുടെ മരുന്ന് വിതരണം നടത്തുന്ന ദിവസങ്ങളിൽ നാനൂറിൽപരം രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്
ചികിത്സ തേടി എത്തുന്നത്
പള്ളിക്കൽ പഞ്ചായത്തിനെ കൂടാതെ നാവായിക്കുളം, മടവൂർ പഞ്ചായത്തിലുള്ളവരും കൊല്ലം ജില്ലയിലെ ചടയമംഗലം, കല്ലുവാതുക്കൽ വെളിനല്ലൂർ നിവാസികളും ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്.
പുതിയ ഡോക്ടർ കൂടി എത്തിയതോടെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ രണ്ട് ഷിഫ്റ്റായി നാല് ഡോക്ടറുടെ സേവനം ഉണ്ടാകും.
ശ്രീജാ ഷൈജുദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്