fff

നെയ്യാറ്റിൻകര: ചെറുപ്പത്തിൽ തന്നെ പ്രമേഹരോഗം പിടിപ്പെട്ടപ്പോൾ ആനാവൂർ സ്വദേശി ശൈലജ കരുതിയില്ല തന്റെ ആരോഗ്യകരമായ ജീവിതം നശിക്കുന്നതിന്റെ തുടക്കമാണതെന്ന്. ആര്യങ്കോട് പഞ്ചായത്തിലെ ആനാവൂർ മുഴങ്ങൾ കാഞ്ചിയോട്ടുകോണം കിഴക്കുംകര വീട്ടിൽ ശൈലജയുടെ (42) ജീവിതം തല്ലിത്തകർത്തത് 18 വർഷം മുമ്പ് പിടിപ്പെട്ട പ്രമേഹരോഗമാണ്. നിരന്തരം ടാബ്‌‌ലെറ്റുകൾ കഴിച്ചു തുടങ്ങിയതോടെ കരളും കിഡ്‌നിയും തകരാറിലാകുകയും സ്ഥിരമായ പനി, ഛർദ്ദി, ശ്വാസംമുട്ടൽ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളെല്ലാം ചേർന്ന് ജീവിതം വഴിമുട്ടിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി കാഴ്ചയും പൂർണമായി നഷ്ടപ്പെട്ട് ജീവച്ഛവമായി കഴിയുകയാണ് ശൈലജ. ആകെയുള്ള ഏഴര സെന്റ് പുരയിടം പണയപ്പെടുത്തി ചികിത്സ നടത്തിയതിനെ തുടർന്ന് ഇപ്പോൾ ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്ന ശൈലജയും കൂലിവേലക്കാരനായ ഭർത്താവ് അനിയും കടാശ്വാസ കമ്മിഷന്റെ കനിവിനായി കാത്തിരിക്കുകയാണ്. പരസഹായം കൂടാതെ ഒന്നനങ്ങാൻ പോലും കഴിയാത്ത ശൈലജയ്ക്ക് അനി മുഴുവൻ സമയവും കൂട്ടിരിക്കുകയാണ്. ഒരുമാസം 8 ഡയാലിസിസിന് വിധേയമാകുന്ന ശൈലജ ഇതുവരെ നാട്ടുകാർ നൽകിയ സഹായത്താലാണ് ജീവിച്ചുപോന്നത്. രണ്ട് പെൺമക്കളിൽ ഇളയ മകളുടെ വിവാഹത്തിന്റെ പിറ്റേന്ന് രോഗം മൂർച്ഛിച്ച് തളർന്നുവീണ ശേഷം ഇന്നേവരെ ശൈലജ എണീറ്റിട്ടില്ല. പലരിൽ നിന്നും കടം വാങ്ങിയാണ് മകളുടെ വിവാഹവും നടത്തിയത്. ശൈലജക്ക് അടിയന്തരമായി കിഡ്‌നി മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. സുമനസുകളുടെ കാരുണ്യവും സഹായവും ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുള്ളൂ. ഫോൺ: 9656312330. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ പാലിയോട് ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 3976806134